മുങ്ങി മരണങ്ങൾ കേരളത്തിൽ ഇപ്പോഴൊരു വാർത്തയേ അല്ലാതായിട്ടുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ വെള്ളത്തിൽ മുങ്ങി മരിക്കുന്നത് സമീപകാലത്തെ വലിയ ദുരന്തമായി മാറിയിട്ടുണ്ട്. എത്ര ബോധവത്ക്കരണം നടത്തിയാലും ഫലമില്ലാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അശ്രദ്ധ, ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള അറിവില്ലായ്മ, അപകടത്തെ അവഗണിച്ചു കൊണ്ടുള്ള അമിത ആവേശം തുടങ്ങിയവയൊക്കെയാവാം ഇത്തരം അപകടമരണങ്ങളുടെ പിന്നിലുള്ള പ്രധാന കാരണം.
ഇത്തരത്തിലൊരപകടം ഇന്നലെ അമ്പലപ്പുഴയിലുമുണ്ടായി. ഇരുപതുകാരനായ ഒരു യുവാവാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോൾ കുളത്തിൽ മുങ്ങിമരിച്ചത്. വണ്ടാനത്തുള്ള, ആഴമുള്ള വലിയ കുളത്തിൽ നീന്തിക്കുളിക്കുന്നതിനിടയിലാണ് സൽമാൻ എന്ന യുവാവ് ആഴങ്ങളിലേക്ക് മുങ്ങിപ്പോയത്. സുഹൃത്തുക്കൾ സൽമാനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലവിളികേട്ടെത്തിയവരും യുവാവിനെ രക്ഷിക്കാനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനോ രക്ഷിക്കാനോ ആയില്ല. ഒടുവിൽ പൊലിസും അഗ്നിരക്ഷാസേനയിലെ വിദഗ്ധരുമെത്തിയാണ് യുവാവിൻ്റെ ശരീരം കണ്ടെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്നലെ തന്നെ മാറ്റി.
പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക, മഴക്കാലത്ത്, അമിതമായി ഒഴുക്കും ആഴവുമുള്ള പരിചിതമായിട്ടുള്ളതാണെങ്കിൽ പോലും പുഴകളിലോ തോടുകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതിരിക്കുക തുടങ്ങിയവ ശ്രദ്ധിച്ചാൽ തന്നെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകുമെന്ന് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.