പൗരബോധം, ഉയർന്ന ജനാധിപത്യ ബോധം തുടങ്ങിയവ ബിഹാറിലെ ഈ കുടുംബത്തെ കണ്ടു പഠിയ്ക്കണം. ബിഹാറിലെ ജെഹനാബാദ് ലോക്സഭാമണ്ഡലത്തിലാണ് ജനാധിപത്യ വിശ്വാസികൾക്ക് അഭിമാനം തോന്നുന്ന ഈ സംഭവമുണ്ടായത്. വോട്ടെടുപ്പു ദിവസമായ ശനിയാഴ്ച ആ കുടുംബത്തിലെ 80 കാരിയായ അമ്മ മരിച്ചു. ദേവ് കുലി എന്ന ഗ്രാമത്തിലെ ആചാരമനുസരിച്ച് മക്കളെല്ലാം വീട്ടിലുണ്ടാകണം, അന്ത്യകർമങ്ങളും പരമ്പരാഗത രീതിയിൽ ചെയ്യേണ്ടതുമുണ്ട്.
ഈ സന്നിഗ്ധ ഘട്ടത്തിൽ എല്ലാവരും അമ്മയുടെ അന്ത്യകർമങ്ങൾ അനുഷ്ടിയ്ക്കാനാണല്ലോ പ്രാധാന്യം കൊടുക്കുക. സ്വാഭാവികമായും, ഇത്തവണ വോട്ടു ചെയ്യേണ്ടതില്ല എന്നു തീരുമാനിയ്ക്കുകയും ചെയ്യും. പക്ഷേ ഇവിടെ ഉയർന്ന ജനാധിപത്യബോധം സൂക്ഷിയ്ക്കുന്ന മക്കൾ തമ്മിൽ കൂടിയാലോചന നടത്തി ഒരു തീരുമാനവുമെടുത്തു. ‘അമ്മ മരിച്ചു, അതൊരു സത്യമാണ്. അമ്മ ഇനി തിരിച്ചു വരികയുമില്ല. അമ്മയുടെ അന്ത്യ കർമങ്ങൾ അല്പം വൈകിയാലും ഒന്നും സംഭവിയ്ക്കാനില്ല. പക്ഷേ തെരഞ്ഞെടുപ്പ് അങ്ങനെയല്ലല്ലോ, ഇനി അഞ്ചു കൊല്ലം കാത്തിരിക്കണം അടുത്ത തെരഞ്ഞെടുപ്പു വരാൻ. ഞങ്ങളുടെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു തീരുമാനം എടുത്തിട്ടുണ്ട്. വോട്ട് ചെയ്തു വന്ന ശേഷം അമ്മയുടെ അന്ത്യകർമങ്ങൾ യഥാവിധി നടത്താം എന്നാണ് ആ തീരുമാനം’ – മൂത്ത മകനായ മിതുലേഷ് പറഞ്ഞു.
കേട്ടു നിന്നവരും ബന്ധുക്കളും മക്കളുടെ ഉയർന്ന ജനാധിപത്യ ബോധത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. വോട്ടു രേഖപ്പെടുത്തി മക്കൾ മടങ്ങി എത്തുന്നതുവരെ അന്ത്യ കർമങ്ങൾക്കായി അവർ കാത്തിരുന്നു. ഒടുവിൽ എല്ലാവരും ഒരുമിച്ചു ചേർന്ന് 80 കാരിയ്ക്ക് ഉചിതമായ യാത്രയയപ്പ് നൽകുകയും ചെയ്തു.