സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2024 – 25 അധ്യയന വർഷത്തേക്ക് വർക്കിങ് പ്രൊഫഷണൽസിനുള്ള ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആദ്യമായാണ് ഇത്തരത്തിൽ ഒരു അവസരം വർക്കിങ് പ്രൊഫെഷനലുകൾക്കു ലഭിക്കുന്നത്. അപേക്ഷകർ മൂന്നു വർഷം / രണ്ടു വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ മൂന്നു വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10 +2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബി എസ് സി ബിരുദം നേടിയവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസ്സായ അപേക്ഷാർഥികൾക്ക് നോട്ടിഫിക്കേഷനിലെ മറ്റു നിബന്ധനകൾ പാലിച്ച് ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാം. അപേക്ഷാർഥി കോഴ്‌സ് പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന രജിസ്റ്റേർഡ് വ്യവസായ സ്ഥാപനങ്ങൾ, കേന്ദ്ര / സംസ്ഥാന സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനി, സ്വകാര്യ സ്ഥാപനങ്ങൾ, എം എസ് എം ഇ സ്ഥാപനങ്ങൾ എന്നിവയിലേതെങ്കിലും ജോലി ചെയ്യുന്ന വ്യക്തി ആയിരിക്കണം. ചുരുങ്ങിയത് ഒരു വർഷത്തെ റെഗുലർ ഫുൾ ടൈം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. മേൽപ്പറഞ്ഞ വെബ് സൈറ്റ് വഴി ഓൺലൈനായി ജൂൺ 16 വരെ അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 17 വരെ. പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364