അഴുക്കു ചാലിൽ വീണ് ദേഹത്ത് ചെളിയും പരിക്കുമായി വീട്ടിലെത്തിയ ഭർത്താവിനെ കണ്ട് കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി മീരാ കാംദേവ് ആണ് മരിച്ചത്. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടയിൽ ഇവരുടെ ഭർത്താവ് കാംദേവ് കാലുതെന്നി ഓടയിൽ വീണു. സ്ലാബ് ഇല്ലാതിരുന്ന സ്ഥലത്താണ് ആറടിയോളം താഴ്ചയിലേക്കു ഇയാൾ വീണത്. കണ്ടു നിന്നവർ ഓടിയെത്തി പിടിച്ചു കരയിൽ കയറ്റി. കാര്യമായ പരിക്കുകൾ പറ്റാതെ കാംദേവ് രക്ഷപ്പെട്ടു.
പിന്നാലെ നാട്ടുകാർ ഇദ്ദേഹത്തെ വീട്ടിലെത്തിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഓടയിലെ ചെളി ദേഹമാസകലം പുരണ്ടു നിന്ന കാംദേവിനെ കണ്ട മീര നിലവിളിക്കുകയും ബോധം കെട്ട് നിലത്തു കുഴഞ്ഞുവീഴുകയും ചെയ്തു. ഉടനേ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.