ലോക്കോ പൈലറ്റുമാർ സമരം തുടങ്ങി. ജോലിഭാരം കുറയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് ചട്ടപ്പടി സമരം ആരംഭിച്ചത്. ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ്റെ കീഴിൽ വരുന്ന ദക്ഷിണ റയിൽവേ വിഭാഗം ലോക്കോ പൈലറ്റുമാരാണ് പണിമുടക്കുന്നത്.
റയിൽവേയുടെ കടുത്ത അനാസ്ഥയാണ് തങ്ങളെ സമരം ചെയ്യാൻ നിർബന്ധിതരാക്കിയതെന്ന് സംഘടനാപ്രതിനിധികൾ പറയുന്നു. 5,696 അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാരെ നിയമിയ്ക്കാൻ റയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് തീരുമാനമെടുത്തെങ്കിലും യഥാസമയം അതു നടപ്പായില്ല. ദക്ഷിണ റയിവേയിൽ മാത്രം 218 ഒഴിവുകൾ നിലവിൽ ഉണ്ട്. ഈ ഒഴിവുകൾ നികത്താത്തത് വലിയ ബുദ്ധിമുട്ടാണ് ലോക്കോ പൈലറ്റുമാർക്ക് ഉണ്ടാക്കുന്നത്.
ഒരാഴ്ചയിൽ കുറഞ്ഞത് 46 മണിക്കൂർ നേരം നിർബന്ധമായും വിശ്രമം അനുവദിയ്ക്കണമെന്നതാണ് പൈലറ്റുമാരുടെ പ്രധാന ആവശ്യം. ഒരു ദിവസം പരമാവധി 10 മണിക്കൂർ സമയം മാത്രം ജോലി ചെയ്യാനേ സാധിക്കൂ. ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ സ്യൂട്ടി സമയം കഴിഞ്ഞാലുടൻ വണ്ടി നിർത്തി ജോലി അവസാനിപ്പിക്കുമെന്നാണ് ലോക്കോ പൈലറ്റുമാർ പറയുന്നത്.