കുഴിമന്തി കഴിച്ച് മകന് ഭക്ഷ്യവിഷബാധയുണ്ടായത് ചോദ്യം ചെയ്യാൻ ഹോട്ടലിൽ എത്തിയ പൊലിസ് ഉദ്യോഗസ്ഥൻ ഹോട്ടൽ അടിച്ചു തകർത്തു. ചങ്ങനാശേരി സ്‌റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ ജോസഫാണ് ഹോട്ടൽ അടിച്ചു തകർത്തത്. ഇയാളുടെ മകൻ രണ്ടു ദിവസം മുമ്പ് ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായും പിന്നാലെ പൊലിസ് ഉദ്യോഗസ്ഥൻ അക്രമാസക്തനായി എന്നാണ് വിവരം.
ജോസഫ് ഒരു കത്തിയുമായാണ് ഹോട്ടലിൽ എത്തിയത് എന്നാണ് ജീവനക്കാർ പറയുന്നത്. വന്ന ഉടനേ തന്നെ ഹോട്ടലിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു. ഇരു ചക്രവാഹനം കടയ്ക്കുള്ളിലേക്ക് ഓടിച്ചു കയറ്റിയതായും ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും ഹോട്ടൽ ജീവനക്കാർ ആരോപിയ്ക്കുന്നു. ജോസഫിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി.