തദ്ദേശ വാർഡുകളിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 49 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പു നടത്താൻ തീരുമാനമായി. ഒപ്പം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. കരടു പട്ടിക ജൂൺ ആറിനും അന്തിമ വോട്ടർ പട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും.
വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്തുക, പുതുതായി പേര് ചേർക്കുക, പേര് ഒഴിവാക്കുക തുടങ്ങിയവയ്ക്കായി ജൂൺ ആറു മുതൽ 21 വരെ സമയം അനുവദിയ്ക്കും. വിവിധ ഗ്രാമപഞ്ചായത്തുകളിലായി 37 വാർഡുകൾ, വിവിധ മുൻസിപ്പാലിറ്റികളിലെ ആറു വാർഡുകൾ, ബ്ലോക്കു പഞ്ചായത്തുകളിലെ അഞ്ചു വാർഡുകൾ, ഒരു ജില്ലാ പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലാണ് നിലവിൽ ഉപതെരഞ്ഞെടുപ്പു നടക്കാനുള്ളത്. അതിനുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായതായും തെരഞ്ഞെടുപ്പു കമ്മിഷണർ അറിയിച്ചു.