റിമാൽ ചുഴലിക്കാറ്റ് മിസോറാമിന് കനത്ത ആഘാതം ഏൽപ്പിച്ചു. ഐസ്വാൾ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരുപതിലധികം പേർ മരിച്ചതായി സംശയിക്കുന്നു. ഒട്ടേറെപ്പേരെ കാണാനില്ലെന്ന പരാതിയുമുണ്ട്. മണ്ണിടിച്ചിലിൽ കുടുങ്ങിയ പതിനഞ്ചലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി മിസോറാം മുഖ്യമന്ത്രി ലാൽ ദുഹോമ അറിയിച്ചു. നിരവധി പേർ മണ്ണിടിച്ചിലുണ്ടായ പാറ മടയ്ക്കുള്ളിൽ കുടുങ്ങി കിടക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു. റിമാൽ ചുഴലിക്കാറ്റിനു പിന്നാലെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ കനത്ത നഷ്ടമാണ് മിസോറാം നേരിടുന്നത്.
മേഘാലയ, മണിപ്പൂർ, അസം സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിനു പിന്നാലെ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. മണ്ണിടിച്ചിലാണ് ഈ സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രധാന റോഡുകളിലെല്ലാം തന്നെ മണ്ണിടിഞ്ഞു വീണ് പൂർണമായോ ഭാഗികമായോ ഗതാഗതം നിലച്ചിരിയ്ക്കുകയാണ്. വാഹനങ്ങൾ അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചരക്കു വാഹനങ്ങളടക്കം മറിഞ്ഞ് വലിയ നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണ് പല മേഖലകളിലും വൈദ്യുതി ബന്ധം പൂർണമായും നിലച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കും ഇതുമൂലം തടസം നേരിടുന്നുണ്ട്.