ഗുണ്ടാ വിരുന്നിൽ പങ്കെടുത്ത ഡി വൈ എസ് പി, എം ജി സാബുവിനെ അടിയന്തരമായി സസ്പെൻ്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവു നൽകി. സർവീസിൽ നിന്നു വിരമിയ്ക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കേയാണ് നടപടി. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയാണ് എം ജി സാബു.
സാബുവിനെ ഉടൻ സസ്പെൻ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രി ഡി ജി പി യ്ക്കു നിർദേശം നൽകിയിരിയ്ക്കുന്നത്. കേസും സാബുവിൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച അന്വേഷണവും പിന്നാലെയുണ്ടാകും. കൊച്ചി തമ്മനത്താണ് ഫൈസൽ എന്ന ഗുണ്ടാ നേതാവ് ഡി വൈ എസ് പിയ്ക്ക് വിരുന്നൊരുക്കിയത്. ഡി വൈ എസ് പിയ്ക്കുള്ള യാത്ര അയപ്പായാണ് വിരുന്നു സത്ക്കാരം ഒരുക്കിയതെന്നാണറിയുന്നത്.
ഏറെ നാളായി ഫൈസലിൻ്റെ ഈ വീട് പൊലിസ് നിരീക്ഷിച്ചു വരികയായിരുന്നു. റെയ്ഡിന് പൊലിസ് എത്തിയപ്പോൾ ഡി വൈ എസ് പി ക്കൊപ്പം രണ്ടു പൊലിസുകാരും ഉണ്ടായിരുന്നു. അവരെ ഇന്നലെ തന്നെ സസ്പെൻ്റ് ചെയ്തിരുന്നു. ഡി വൈ എസ് പി യുടെ സസ്പെൻഷൻ ഓർഡർ ഇന്നു തന്നെ ഇറങ്ങുമെന്നാണ് വിവരം.