മലയാളിയുടെ ആത്മാവിനെ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്ന, വാക്കുകളിലൂടെ സാഗരങ്ങളെ പാടിയുണർത്തിയ, മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്.
വള്ളിക്കുടിലിൻ ഉള്ളിലിരിക്കും, ചില്ലിമുളം കാടുകളിൽ,അമ്പിളി അമ്മാവാ, പൊന്നരിവാളമ്പിളിയില്, മധുരിക്കും ഓർമകളെ, നമ്മളുകൊയ്യും വയലെല്ലാം തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ നിരവധി നാടകഗാനങ്ങളും
ഒരുവട്ടം കൂടിയാ, എന്റെ മൺവീണയിൽ കൂടണയാനൊരു, സാഗരങ്ങളെ പാടിയുണർത്തിയ, കാതിൽ തേന്മഴയായ്, ആത്മാവിൽ മുട്ടിവിളിച്ചതുപോലെ, ഒരു ദലം മാത്രം, വാതില്‍ പഴുതിലൂടെന്‍, നീരാടുവാന്‍ നിളയില്‍, മഞ്ഞള്‍ പ്രസാദവും, ശരദിന്ദുമലര്‍ദീപ നാളം നീട്ടി, ശ്യാമസുന്ദര പുഷ്പമേ, ഓര്‍മകളേ കൈവള ചാര്‍ത്തി, അരികിൽ നീയുണ്ടായിരുന്നെങ്കില്‍ എന്നു തുടങ്ങി നിത്യവും നാം മനസ്സിൽ മൂളിനടക്കുന്ന എത്രയോ സിനിമ ഗാനങ്ങളും “കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞൾ വരക്കുറി ചാന്തുപൊട്ടും……” തുടങ്ങിയ കവിതകൾ രചിച്ച വാക്കിൽ വിരിഞ്ഞ കാവ്യവസന്തമായിരുന്നു മലയാളത്തിൻ്റെ ഒ എൻ വി.
1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിലെ ആയുർവേദ വൈദ്യൻ കൂടിയായ പണ്ഡിതനായ ഒ എൻ കൃഷ്ണക്കുറുപ്പിന്റേയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽച്ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണു നൽകിയത്. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്നാണു പൂർണമായ പേര്. ആ പേരു ചുരുങ്ങിയാണ് ഒ എൻ വി ആയത്. വേലുക്കുറുപ്പും സഹൃദയർക്കു പ്രിയങ്കരനായ ഒ എൻ വി യുമായി.
പ്രാഥമികവിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർവിദ്യാഭ്യാസം. 1946ൽ 15-ാം വയസ്സിൽ മുന്നോട്ട് എന്ന കവിതയിലൂടെ കാൽവയ്‌പ്. സ്വരാജ്യം എന്ന വാരികയിലാണു കവിത അച്ചടിച്ചു വന്നത്. ധനതത്വശാസ്ത്രത്തിൽ ബി എ ബിരുദവും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഒ എൻ വി 1957 ലാണ് എറണാകുളം മഹാരാജാസ് കോളജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാൽ നൂറ്റാണ്ടോളം ഈ മേഖലയിൽ നിറഞ്ഞു നിന്ന അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ: ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട്, ഗവ: ബ്രണ്ണൻ കോളജ് തലശ്ശേരി, ഗവ: വിമൻസ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ മലയാള വിഭാഗം തലവനായിരുന്നു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷം ഒരു വർഷം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായി. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
1955ൽ കാലം മാറുന്നു എന്ന സിനിമയിലെ ആ മലർപ്പൊയ്കയിൽ…. എന്ന പാട്ടോടുകൂടിയാണ് സിനിമാ ഗാനരചന തുടങ്ങിയത്. ബാബുരാജ്, ദക്ഷിണാമൂർത്തി, എം ബി ശ്രീനിവാസൻ, കെ രാഘവൻ തുടങ്ങി എം കെ അർജുനൻ, ശ്യാം, സലിൽ ചൗധരി, ഇളയരാജ, ബോംബെ രവി, രവീന്ദ്രൻ, ജോൺസൺ, ഔസേപ്പച്ചൻ, എം ജി രാധാകൃഷ്‌ണൻ, മോഹൻ സിതാര, ശരത്, വിദ്യാസാഗർ, എം ജയചന്ദ്രൻ എന്നിങ്ങനെ ഒരുപിടി സംഗീത സംവിധായർക്കായി ഇരുനൂറിൽപ്പരം ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. ഒടുവിലെഴുതിയത് 2015ൽ കാംബോജി എന്ന സിനിമയ്ക്കും. 2016 ഫെബ്രുവരി 13-ന് അന്തരിച്ചു. അറുപത് വർഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹത്തിന് ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്, ആദ്യത്തെ മഹാകവി ഉള്ളൂർ അവാർഡ്, ആശാൻ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാർഡ് നേടി. ദേശീയ അവാർഡും (1989) പദ്മശ്രീയും ലഭിച്ചു (1998). കലാമണ്ഡലം ചെയർമാനുമായിരുന്നു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ചു (1999).
പൊരുതുന്ന സൗന്ദര്യം, ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങൾ, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാർങ്ഗകപ്പക്ഷികൾ, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നിവ മുഖ്യകൃതികൾ