കഴിഞ്ഞ ദിവസം നെയ്യാർ ഡാമിൽ കെ എസ് യു സംഘടിപ്പിച്ച ക്യാമ്പിൽ തമ്മിലടിച്ചതിന് നാലു കെ എസ് യു നേതാക്കളെ സസ്പെൻ്റു ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ, എറണാകുളം ജില്ലാ സെക്രട്ടറി ഏയ്ഞ്ചലോ, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് അൽ അമീൻ എന്നിവരെയാണ് സസ്പെൻ്റു ചെയ്തത്.
ഇതിൽ അനന്തകൃഷ്ണൻ കെ സുധാകരൻ്റെ ഏറ്റവും അടുത്ത ആളന്നാണ് വിവരം. മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു കെ എസ് യു ക്യാമ്പ്. അർധരാത്രിയിൽ ക്യാമ്പിൽ നടത്തിയ ഡി ജെ പാർട്ടിക്കിടെയാണ് തമ്മിലടി തുടങ്ങിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫർണിച്ചറുകളും ജനൽ ചില്ലുകളുമൊക്കെ സംഘട്ടനത്തിൽ തകർന്നു. കോൺഗ്രസ് നേതാക്കളായ പഴകുളം മധു, എ കെ ശശി, എം എം നസീർ എന്നിവരാണ് അന്വേഷണം നടത്തി റിപ്പോർട്ടു തയ്യാറാക്കിയത്.
സംഘടനയേയും പാർട്ടിയേയും അപമാനിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകിയതാണ് സസ്പെൻഷനു കാരണമായി പറയുന്നത്. ഞായറാഴ്ച വൈകീട്ട് അവസാനിക്കേണ്ടിയിരുന്ന ക്യാമ്പ് അടിപിടി മൂലം രണ്ടു ദിവസം നേരത്തേ നേതാക്കൾ ഇടപെട്ട് നിർത്തിവയ്പ്പിയ്ക്കുകയായിരുന്നു.