കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനമില്ല. സ്കൂൾ വെക്കേഷൻ്റെ അവസാനഘട്ടമായതിനാൽ പലരും കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുമ്പോഴാണ് പ്രവേശനമില്ല എന്നത് മനസിലാക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടെന്ന് ഉറപ്പാക്കിയിട്ടു മാത്രം പോകുന്നതാവും ഉചിതം.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. എന്നാലും വനം വകുപ്പിൻ്റെ പ്രത്യേക പാക്കേജിൽ വരുന്നവർക്ക് പ്രവേശനം അനുവദിയ്ക്കുന്നുണ്ട്. വനം വകുപ്പ് ജീവനക്കാരുടെ മേൽനോട്ടത്തിലും മറ്റു സുരക്ഷാ മാനദണ്ഡങ്ങൾ അവർ തന്നെ ഉറപ്പാക്കുന്നതു കൊണ്ടുമാണ് പാക്കേജ് പ്രേവേശനം അനുവദിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഇക്കോ ടൂറിസം , വർക്കല തുടങ്ങിയ സ്ഥലങ്ങളിലും പ്രവേശനമില്ല. മാത്രമല്ല ജലാശയങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങളിലും പ്രവേശനം അനുവദിക്കില്ല. ഇടുക്കി ഉൾപ്പടെ മിക്ക ജില്ലകളിലേയും മലയോര മേഖലകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിരിക്കുകയാണ്.