പെരിയാറിൽ ലക്ഷകണക്കിനു രൂപയുടെ മത്സ്യങ്ങൾ ചത്തത് രാസ മാലിന്യം ഒഴുക്കിവിട്ടതുകൊണ്ടല്ലന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. ഏലൂരിലെ ഷട്ടർ തുറന്നപ്പോൾ ഓക്സിജൻ ലെവൽ ക്രമാതീതമായി താഴ്ന്നതാണ് മത്സ്യങ്ങൾ ഇത്തരത്തിൽ ചത്തു പൊങ്ങാൻ കാരണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ഷട്ടർ തുറന്നപ്പോൾ ശക്തമായി വെള്ളമൊഴുകി. ഇതാണ് അതിവേഗം ജലത്തിലെ ഓക്സിജൻ്റെ അളവ് കുറയാനിടയാക്കിയത്. നിയന്ത്രിതമായ അളവിൽ മാത്രമേ ഇത്തരം സ്ഥലങ്ങളിൽ വെള്ളം തുറന്നു വിടാവൂ എന്നതാണ് ശാസ്ത്രീയ മാനദണ്ഡം.
ഈ മാസം 20 ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ഏലൂരിലെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കി വിട്ടത്. അതേ ദിവസം രാവിലെ വെട്ടുകാട് ഭാഗത്തുനിന്നു ശേഖരിച്ച വെള്ളത്തിൻ്റെ പരിശോധനാ റിപ്പോർട്ടിൽ ഓക്സിജൻ്റെ ലെവൽ 6.4 ആയിരുന്നു. എന്നാൽ വൈകീട്ട് ഷട്ടർ തുറന്നതിനു പിന്നാലെ പരിശോധിച്ചപ്പോൾ അതേ സ്ഥാനത്ത് 2.1 എന്ന നിലയിലേക്ക് ഓക്സിജൻ്റെ അളവ് താഴ്ന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മഴക്കാലത്തു ഷട്ടർ തുറന്നപ്പോൾ ശാസ്ത്രീയമായി വെള്ളം നിയന്ത്രിച്ചു മാത്രമേ വിട്ടിരുന്നുള്ളു. ഈ വർഷം ജലസേചന വകുപ്പിന് ഇതിൽ വലിയ പിഴവുണ്ടായതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഫിഷറീസ് വകുപ്പിൻ്റെ നിർദേശ പ്രകാരം കുഫോസിലെ ഗവേഷക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വെള്ളം, ചത്ത മത്സ്യം എന്നിവയുടെ സാമ്പിൾ പരിശോധനയും അനുബന്ധ പരിശോധനകളും പൂർത്തിയായതായാണ് വിവരം. മത്സ്യങ്ങൾ ഇത്തരത്തിൽ കൂട്ടത്തോടെ ചത്തുപൊങ്ങാനുള്ള ശാസ്ത്രീയ കാരണങ്ങളാണ് അന്വേഷിക്കുന്നത്. ഒട്ടും വൈകാതെ ഈ റിപ്പോർട്ടും ഫിഷറിസ് വകുപ്പിന് ലഭിക്കും.
എന്നാൽ, മത്സ്യങ്ങൾ ചത്തു പോകാൻ കാരണം പുഴ വെള്ളത്തിൽ രാസമാലിന്യം കലർന്നതു തന്നെയാണ് എന്നതിൽ സംസ്ഥാന ഇറിഗേഷൻ വകുപ്പ് ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. അന്നേ ദിവസം രാവിലെ മുതൽക്കു തന്നെ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു, ഈ വിവരം നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിരുന്നെങ്കിലും അവർ ചെവിക്കൊണ്ടില്ല. വ്യവസായ ശാലകളിലെ മാലിന്യനിർമാർജന വിഷയത്തിൽ അനാസ്ഥയുണ്ടെന്ന് കാട്ടി വ്യവസായ വകുപ്പിനെയും റിപ്പോർട്ടിൽ പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്.
ഇറിഗേഷൻ വകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിനേയും വ്യവസായ വകുപ്പിനേയും കുറ്റപ്പെടുത്തുകയും അവർ തിരികെ കുറ്റപ്പെടുത്തുമ്പോഴും വീഴ്ച ആരുടെ ഭാഗത്താണെന്നതിൻ വ്യക്തത വരുന്നില്ല. കുഫോസിൻ്റെ റിപ്പോർട്ടു കൂടി കിട്ടിയാൽ മാത്രമേ വിഷയത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ കഴിയൂ എന്നാണ് മനസിലാക്കുന്നത്.