സാഹിത്യകാരന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നാടകകൃത്ത്, കമൻ്റേറ്റർ, അദ്ധ്യാപകൻ, സാമൂഹിക – സാംസ്കാരിക പ്രവര്‍ത്തകൻ തുടങ്ങി വിവിധ മേഖലകളിൽ മിന്നിത്തിളങ്ങിയ മനുഷ്യസ്നേഹിയായ ഒരു കലാകാരനുമായിരുന്നു നാഗവള്ളി ആർ ശ്രീധര കുറുപ്പ് എന്ന നാഗവള്ളി ആർ എസ് കുറുപ്പ്. ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന വേണു നാഗവളളി പുത്രനാണ്. 1917 മെയ് 25 ന് ആലപ്പുഴയിലെ പ്രശസ്ത അഭിഭാഷകന്‍ പി എം രാമക്കുറുപ്പിന്‍റെയും കുട്ടിയമ്മയുടെയും മകനായി കുട്ടനാട്ടിലെ രാമങ്കരിയിലുള്ള നാഗവള്ളി തറവാട്ടില്‍ ജനിച്ചു.
കൊല്ലത്തെ ഇന്ത്യന്‍ ബാങ്കില്‍ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കൊല്ലത്തു വച്ച് മലയാളരാജ്യം വാരികയില്‍ ലേഖനങ്ങളും മറ്റും എഴുതിത്തുടങ്ങി. ഒരു കൊല്ലം തികയും മുമ്പേ ഉദ്യോഗം രാജിവച്ചു. പിന്നീട് സൈക്കോളജി ലക്ചററായി. 1957 മുതല്‍ 20 വര്‍ഷക്കാലം ആകാശവാണിയിലായിരുന്നു.
കുട്ടനാട്ടിലെ പുന്നമടക്കായലിൽ
നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് ആകാശവാണിയുടെ ദൃക്സാക്ഷിവിവരണം യാഥാര്‍ഥ്യമാക്കിയത് ഈ കുട്ടനാട്ടുകാരന്റെ അക്ഷീണപരിശ്രമം ഒന്നുകൊണ്ട് മാത്രമായിരുന്നു. ആകാശവാണി സര്‍വീസില്‍നിന്ന് നാഗവള്ളി വിരമിച്ച എഴുപതുകളുടെ അവസാനംവരെ വള്ളംകളി ശ്രോതാക്കളുടെ ഹൃദയമിടിപ്പിനെ നിയന്ത്രിച്ചത് അദ്ദേഹം തന്നെയായിരുന്നു. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍ സി ചെല്ലപ്പന്‍നായര്‍ നിര്‍മ്മിച്ച ശശിധരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്കു വരുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥാ രചനയിലും അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു.
മലയാളത്തിലെ ആദ്യ റിയിലസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയിയുടെ തിരക്കഥ എഴുതി അതിലെ പത്രക്കാരന്‍ പയ്യന്‍റെ പ്രസ് തൊഴിലാളിയായ പിതാവായി അഭിനയിച്ചു. കുമാര സംഭവം, ശ്രീ ഗുരുവായൂരപ്പന്‍, ജഗദ് ഗുരു ആദിശങ്കരന്‍ തുടങ്ങി അമ്പതോളം ചിതങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. മമ്മൂട്ടി നായകനായി വേണു നാഗവള്ളി സംവിധാനം ചെയ്ത ആയിരപ്പറ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥയെഴുതിയത്.
സാക്ഷരതാ ക്യാമ്പിനു വേണ്ടിയുള്ള പി എന്‍ പണിക്കരുടെ വെളിച്ചമേ നയിച്ചാലും എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തു. നെടുവീര്‍പ്പുകള്‍, ദലമര്‍മ്മരം, ചുമടുതാങ്ങി, പമ്പവിളക്ക്, തോട്ടി, രണ്ടു ലോകം, മനുഷ്യാ നീ മറക്കരുത്, പൊലിഞ്ഞ ദീപം, കല്യാണം കളിയല്ല, സോഷ്യലിസത്തിലേയ്ക്ക് എത്തിനോട്ടം, സമത്വം എന്നിവയാണ് പ്രധാന കൃതികള്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 2003 ഡിസംബർ 27 ന് അന്തരിച്ചു.