നായകന്‍, പ്രതിനായകന്‍, രാഷ്ട്രീയക്കാരന്‍, അച്ഛന്‍, മുത്തച്ഛന്‍, കാമുകന്‍ അങ്ങനെ അവതരിപ്പിച്ച വേഷങ്ങളിലെല്ലാം ഒരു മുരളി സ്പര്‍ശം കാട്ടിത്തന്ന മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നടന്‍. ചിത്രങ്ങളുടെ എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യം എന്നുറച്ചു വിശ്വസിച്ചിരുന്ന.. വെങ്കലം, ചമ്പക്കുളം തച്ചൻ, കാരുണ്യം, ദി കിംഗ്, ചമയം, അമരം, ആര്‍ദ്രം, കാണാക്കിനാവ്, ചകോരം, ധനം, താലോലം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, സിഐഡി മൂസ, വിനോദയാത്ര, വടക്കുംനാഥൻ തുടങ്ങി ഏതു കഥാപാത്രവും ഗംഭീരമാക്കാന്‍ തനിയ്ക്കു ശേഷിയുണ്ടെന്നു പലകുറി തെളിയിച്ച നടന്‍. ലാൽസലാമിലെ സഖാവ് ഡി കെയും നെയ്ത്തുകാരനിലെ അപ്പുമേസ്ത്രി, ചമയത്തിലെ നാടകക്കാരൻ, അമരത്തിലെ കൊച്ചുരാമനെന്ന കഥാപാത്രം ഇവരെയൊക്കെ ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.
ഒരു സിനിമാനടന്‍ മാത്രമായിരുന്നില്ല മുരളി . സാമൂഹ്യസാംസ്‌കാരിക രംഗത്തെക്കുറിച്ചൊക്കെ അപാരമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. വാണിജ്യ സിനിമകളില്‍ പങ്കാളിയാവുമ്പോഴും സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പരുക്കന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിച്ച നടനാണ് മുരളി. സി എന്‍ ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തില്‍ രാവണനായി അഭിനയിച്ച മുരളി അഭിനയകലയ്ക്ക് നവ്യമായ ഒരു പാഠം തന്നെ നല്‍കി. ഐതിഹാസിക കഥാപാത്രങ്ങളെ ഇത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു നടന്‍ എന്ന നിലയില്‍ ചലച്ചിത്രമേഖലയിലും നാടകവേദിയിലും മുരളിയുടെ സ്ഥാനം വേറേയാണ്.
ആശാന്‍ കവിതകളെക്കുറിച്ച് മുരളി എഴുതിയ ആഖ്യാനപാഠം ഒരു നടനുമപ്പുറം കാവ്യ സംസ്‌കാരത്തില്‍ അദ്ദേഹത്തിനുള്ള അവബോധത്തിനു തെളിവാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ ഒരു കാര്‍ഷിക കുടുംബത്തില്‍ വെളിയം കുടവട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ കെ ദേവകിയമ്മയുടെയും പി കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25 നായിരുന്നു മുരളിയുടെ ജനനം. കുടവട്ടൂര്‍ എല്‍ പി സ്‌കൂളില്‍ ആണ് മുരളിയുടെ വിദ്യാഭ്യാസം തുടങ്ങിയത്. തൃക്കണ്ണമംഗലം എസ് കെ വി എച്ച് എസ് ആണ് മുരളി പഠിച്ച മറ്റൊരു സ്‌കൂള്‍.
കുടവട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്‌റ്റേജിലെത്തുന്നത്.
പ്രീഡിഗ്രിക്കു തിരുവനന്തപുരത്തും ഡിഗ്രിക്ക് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലുമാണ് പഠിച്ചത്. പിന്നീട് തിരുവനന്തപുരം ലാ അക്കാദമിയില്‍ എല്‍ എല്‍ ബി പാസായി. ആരോഗ്യവകുപ്പില്‍ എല്‍ ഡി ക്ലാര്‍ക്കായും പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയത്തിനും സമയം കണ്ടെത്തി. ആ കാലത്താണ് സാഹിത്യ നിരൂപകനും നടനുമായിരുന്ന നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടക സംഘവുമായിട്ട് മുരളി ബന്ധപ്പെടുന്നത്.
1979 ൽ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ് മുരളി ആദ്യം അഭിനയിച്ച സിനിമ. പക്ഷേ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അരവിന്ദന്റെ ചിദംബരം, ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ഹരിഹരന്റെ പഞ്ചാഗ്‌നി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മീനമാസത്തിലെ സൂര്യനിലെ അബുബേക്കർ ലാല്‍സലാമിലെ സഖാവ് ഡി കെ, വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പൂട്ടി, ദി കിംഗിലെ രാഷ്ട്രീയക്കാരൻ, മാലയോഗത്തിലെ ചെത്തുകാരൻ തുടങ്ങി മുരളി പകര്‍ന്നാടിയ വേഷങ്ങള്‍ പലതായിരുന്നു. നാലു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും രണ്ടു തവണ സഹനടനുള്ള പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്‍ വേറെയുമുണ്ട്.
2013 ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അദ്ദേഹത്തിൻ്റെ അവസാന ചിത്രം.
ഇടതുപക്ഷ ചിന്താഗതിക്കാരനും കടുത്ത ഈശ്വരവിശ്വാസിയും പ്രത്യേകിച്ച് മൂകാംബിക ഭക്തനുമായ മുരളി പൊതുവേദികളില്‍ ചന്ദനക്കുറിയും കസവുമുണ്ടും പുഞ്ചിരിയുമായി നില്‍ക്കുന്നത് കാണുമ്പോള്‍ അനിര്‍വചനീയമായ ഒരു ആകര്‍ഷണീയത ഓരോ മനസ്സിലും ആഴത്തില്‍ വേരോടും. 1999 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009 ആഗസ്റ്റ് ആറിനാണ് ഈ അനുഗ്രഹീത നടന്‍ വിടപറഞ്ഞത്.