സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ വിവാഹം നടന്ന പന്തലിൽ പൊരിഞ്ഞ തല്ലും പുകിലും. ഉത്തർപ്രദേശിലെ ലഖ്നൗവിനടുത്ത് ഹാപ്പൂരിലാണ് സംഭവം. മൂത്തമകളുടെ കല്യാണം ഭംഗിയായി നടത്തിയ നിർവൃതിയിൽ പെൺകുട്ടികളുടെ പിതാവ് ഉടനേ രണ്ടാമത്തെ മകളെയും പ്രതിശ്രുത വരനേയും മണ്ഡപത്തിലിരുത്തി. പുരോഹിതൻ വിവാഹത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകൾ തുടങ്ങി. കൊട്ടും മേളവും ആരംഭിയ്ക്കുകയും ചെയ്തു. ചടങ്ങുകളും തുടങ്ങി.
താലി ചാർത്തിയതിനു പിന്നാലെ വരൻ വധുവിനെ ചേർത്തു പിടിച്ച് ചുംബിച്ചു. ഇതു കണ്ടു നിന്ന വധുവിൻ്റെ ബന്ധുക്കൾ വരനെ ചോദ്യം ചെയ്യാൻ തുടങ്ങി. വിവാഹ ചടങ്ങിനിടെ അയാൾ അങ്ങനെ ചെയ്തത് ശരിയായില്ല എന്ന രീതിയിൽ ചർച്ചയായി. കാര്യങ്ങൾ അത്രത്തോളമായപ്പോൾ വരൻ്റെ പക്ഷം ചേർന്ന് അയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമെത്തി. വാക്കുതർക്കമായി, കയ്യാങ്കളിയായി. കയ്യിൽ കിട്ടിയതൊക്കെ എടുത്ത് തമ്മിൽ തല്ലായി. കൂട്ടത്തിൽ വധുവിൻ്റെ അച്ഛനും പൊതിരെ തല്ലു കിട്ടി, ആശുപത്രിയിലുമായി.
പൊലിസെത്തി ഇടപെട്ട് തല്ല് അവസാനിപ്പിച്ചു. പക്ഷേ, വരൻ്റെ പക്ഷത്തു നിന്നോ വധുവിൻ്റെ പക്ഷത്തു നിന്നോ ഇതുവരെ ആരും പരാതിയുമായി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പൊലിസ് ഇൻസ്പെക്ടർ പറഞ്ഞു.