പെരിയാറിൽ മീൻ ചത്തു പൊങ്ങിയതുമായി ബന്ധപ്പെട്ട് കോടികളുടെ നഷ്ടമുണ്ടായതായി സംസ്ഥാന ഫിഷറീസ് വകുപ്പ് പറയുന്നു. നദിയിൽ രാസപദാർത്ഥങ്ങളും മാലിന്യങ്ങളും ഒഴുക്കിയതിനെ തുടർന്നാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. വളർത്തു മത്സ്യങ്ങളുടെ 150 ൽ ഏറെ കൂടുകൾ പൂർണമായും നശിച്ചതായാണ് വകുപ്പിൻ്റെ കണക്കുകൂട്ടൽ. കൊച്ചി കോർപ്പറേഷൻ പരിധിയിലും വിഷം നിറഞ്ഞ പുഴ ഒഴുകിയതായും ഫിഷറീസ് വകുപ്പ് തയ്യാറാക്കി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മീനുകൾ ചത്തുപൊന്തിയത്. കൂടാതെ കടമക്കുടി, ചേരാനെല്ലൂർ പഞ്ചായത്തുകളിലും മത്സ്യങ്ങൾ കൂട്ടത്തോടെ നശിച്ചു. തുടക്കത്തിൽ പാതാളത്തെ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപത്താണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. പിന്നാലെ മറ്റു സ്ഥലങ്ങളിലും കൂട്ടത്തോടെ ചത്ത നിലയിൽ മത്സ്യങ്ങളെ കണ്ടെത്തുകയായിരുന്നു.
കനത്ത മഴ പെയ്തതോടെ വ്യവസായ ശാലകളിലെ മാലിന്യങ്ങളും മറ്റു രാസപദാർത്ഥങ്ങളും പുഴയിലേക്ക് ഒഴുക്കിവിട്ടതാണ് ഭക്ഷ്യയോഗ്യമായ ലക്ഷകണക്കിന് മത്സ്യം ചത്തൊടുങ്ങാൻ ഇടയാക്കിയത്. മലിനീകരണ നിയന്ത്രണ ബോർഡിന് ഈ കൂട്ടക്കുരുതിയിൽ നിന്നു കൈ കഴുകാനാകില്ലെന്ന് നാട്ടുകാർ പറയുന്നു. ഫിഷറിസ്, ജലസേചന വകുപ്പുകളും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ നൽകാൻ സബ്കളക്ടർ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തോട് ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുകയാണ്.