മയക്കുവെടി വച്ച് പിടിച്ച് കൂട്ടിലടച്ച പുലി ചത്തു. ആന്തരികാവയങ്ങളിലുണ്ടായ രക്തസ്രാവമാകാം മരണകാരണമെന്നാണ് വനം വകുപ്പിൻ്റെ അഭിപ്രായം. നാലുവയസോളം പ്രായം വരുന്ന പെൺപുലിയെ ഇന്ന് രാവിലെയാണ് പാലക്കാട് ജില്ലയിലെ വാഴപ്പുഴയിലെ ഉണ്ണികൃഷ്ണൻ എന്ന ആളുടെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
വെറ്ററിനറി സർജൻ ഡോ. ഡേവിഡ് അബ്രഹാമിൻ്റെ നേതൃത്വത്തിൽ പുലിയെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കാമെന്നും ചികിത്സ ആവശ്യമെങ്കിൽ അതു നൽകി തിരികെ കാട്ടിൽ വിടാമെന്നും തീരുമാനിച്ചു. തുടർന്ന് സുരക്ഷിതമായ രീതിയിൽ തന്നെ പുലിയെ മയക്കുവെടി വച്ച് എടുത്തു കൂട്ടിലാക്കി. പരിശോധനയിൽ പുലിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ കണ്ടിരുന്നില്ല. എന്നാലും ചില പ്രാഥമിക ചികിത്സകൾ നൽകുന്നതിനിടെയാണ് പുലിക്ക് മരണം സംഭവിച്ചത്.