വ്യത്യസ്‌തമായ അഭിനയശൈലികൊണ്ട് ജനപ്രീതി നേടിയ, വില്ലന്‍ വേഷങ്ങളിലും ഹാസ്യ വേഷങ്ങളിലും ഒരേപോലെ തിളങ്ങിയ, രണ്ടു തവണ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ രാജൻ പി ദേവ്. എന്‍ എന്‍ പിള്ളയുടെയും എസ് എല്‍ പുരം സദാനന്ദന്റെയും നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് തിളങ്ങിയത്. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ് ഇദ്ദേഹത്തിന്റെ കലാ ജീവിതത്തിൽ വഴിത്തിരിവായത്. 1954 മേയ് 20-ന് (1951 എന്നും പറയുന്നുണ്ട്) ചലച്ചിത്രനടനും നാടകനടനുമായ എസ് ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേർത്തലയിൽ ജനിച്ചു.
ആദ്യകാലത്ത് ഉദയാസ്റ്റുഡിയോയിൽ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്. ജയൻ, മോഹൻലാൽ എന്നിവർ അഭിനയിച്ച സഞ്ചാരി എന്ന ചിത്രമാണ് രാജൻ പി ദേവ് അഭിനയിച്ച ആദ്യ സിനിമ. പിന്നീട് ഫാസില്‍ ചിത്രമായ എന്റെ മാമാട്ടിക്കുട്ടിയമ്മയില്‍ ഒരു വക്കീലിന്റെ വേഷവും ആദ്യ 3D ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ അദ്ധ്യാപകന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചലച്ചിത്രത്തിലെ കാർലോസ് എന്ന പ്രതിനായക വേഷം രാജൻ പി.ദേവിൻ്റെ തലവര മാറ്റി.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. 150 ലേറെ സിനിമകളില്‍ വേഷമിട്ട രാജന്‍ പി ദേവ് അവസാനമായി അഭിനയിച്ചത് പട്ടണത്തില്‍ ഭൂതം എന്ന സിനിമയിലായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍ (പുറത്തിറങ്ങിയില്ല), അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുള്ള രാജന്‍ പി ദേവിന് ജൂബിലി തിയേറ്റേഴ്‌സ് എന്ന പേരില്‍ നാടകട്രൂപ്പുണ്ടായിരുന്നു. 1984 ലും 86 ലും മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാവും നേടിയിട്ടുണ്ട്.
അവസാന നാളുകളിൽ അമിതമായ മദ്യപാനം മൂലം പ്രമേഹവും കരൾ രോഗവുമടക്കം വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന അദ്ദേഹം തന്മൂലം പല തവണ ആശുപത്രിയിലാകുകയും ചെയ്തു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമായി. ഷൂട്ടിങ്ങിനും മറ്റും ക്യാമറ കാണാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടുക വരെ ചെയ്തു. 2009 ജൂലൈ 26-ന് രാവിലെ അങ്കമാലിയിലെ വീട്ടിൽ രക്തം ചർദ്ദിച്ച് അബോധാവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലൊന്നും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും കണ്ടില്ല. ഒടുവിൽ, ജൂലൈ 29 ന് അദ്ദേഹം അന്തരിച്ചു.