കാമുകിയെ മടിയിലിരുത്തി ബംഗളുരു ഇൻ്റർനാഷണൽ എയർപോർട്ട് റോഡിലൂടെ ബൈക്കിൽ വേറേ ലെവലിൽ പാഞ്ഞ കാമുകന് പൊലിസ് പണി കൊടുത്തു. യുവാവിൻ്റെ മടിയിൽ ഇടതുവശത്തേയ്ക്ക് ചരിഞ്ഞാണ് യുവതി ഇരുന്നത്. വീണു പോകാതിരിയ്ക്കാനാവും അവളുടെ കൈകൾ അയാളുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ട്. ഇരുവർക്കും ഹെൽമെറ്റിനോട് തീരെ താല്പര്യവുമില്ല. ഈ മാസം 17 ന് നടന്ന സംഭവത്തിൻ്റെ വീഡിയോ ബംഗളുരു പൊലിസ് എടുത്ത് എക്സിൽ ഇട്ടു. ഇരുവരും ഇപ്പോൾ വൈറലായി എയറിൽ കയറി നിൽപ്പാണ്. നാട്ടുകാർക്ക് ഒരു പാഠമാകാൻ വേണ്ടിയാണ് പൊലിസ് അത് എക്സിലിട്ടത്. കൂടെ ഉപദേശ രൂപേണ ഒരു കുറിപ്പും കൊടുത്തിരുന്നു.
റോഡ് ഇത്തരത്തിലുള്ള പ്രണയലീലകൾക്കോ അഭ്യാസ പ്രകടനത്തിനോ ഉള്ള വേദിയല്ലെന്നും റോഡിലുള്ള എല്ലാവരുടേയും സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണന്നും പൊലിസിൻ്റെ കുറിപ്പിലുണ്ട്. എക്സിലൂടെ ലോകമറിഞ്ഞ കാമുകൻ്റെ പേരിൽ ബംഗളുരു പൊലിസ് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ ഇൻസ്പെക്ടർ നന്നായി ഗുണദോഷിച്ചു വിടുകയും ചെയ്തു. റോഡിൽ ഇത്തരത്തിൽ ആപത്കരമായ പ്രവൃത്തികൾ കണ്ടാൽ കർശന നടപടി എടുക്കുമെന്ന് ബംഗളുരു പൊലിസ് മുന്നറിയിപ്പ് നൽകുന്നു.