ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ. വിചാരണക്കോടതിയുടെ വിധി ഹൈക്കോടതിയിലെ ഡിവിഷൻ ബഞ്ച് ശരി വച്ച സാഹചര്യത്തിലാണ് ഇയാൾക്ക് വധശിക്ഷ ഉറപ്പായത്. വധശിക്ഷയ്ക്ക് അനുമതി തേടി പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിലാണ് വിധി വന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസ് പൊലിസ് കെട്ടിച്ച മച്ചതാണന്നും നിരപരാധിയായ തന്നെ വെറുതേ വിടണമെന്നും ആവശ്യപ്പെട്ട് അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജിയും വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി.
വിചാരണക്കോടതിയിൽ വധശിക്ഷ വിധിച്ചാൽ ഹൈക്കോടതി അതിന് അനുമതി നൽകേണ്ടതുണ്ട്. ആ സാഹചര്യത്തിലാണ് സർക്കാർ, അനുമതിയ്ക്കായി ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. 2016 ഏപ്രിൽ 28നാണ് നിയമ വിദ്യാർത്ഥിനിയായിരുന്ന പെരുമ്പാവൂർ സ്വദേശി ജിഷ കൊല്ലപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അമീറുൾ ഇസ്ലാമിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
ജസ്റ്റിസ് എസ് മനു, ജസ്റ്റിസ് പി ബി സുരേഷ്കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് വധശിക്ഷ ഇപ്പോൾ ശരിവച്ചത്.