മഞ്ഞപിത്ത രോഗ ചികിത്സയിലുള്ളവർ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രായാധിക്യമുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ നന്നായി ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ടു തന്നെ ചികിത്സിക്കണം, ഒരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്.
മഞ്ഞപ്പിത്ത ബാധയുള്ളവർക്ക് അപൂർവമായെങ്കിലും രോഗം മൂർച്ഛിച്ച് മരണം സംഭവിക്കാറുണ്ട്. അതിനാലാണ് നന്നായി ശ്രദ്ധ വേണമെന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ കരൾ വീക്കത്തിനും കാരണമായേക്കാം. മഞ്ഞപ്പിത്തത്തിൻ്റെ പ്രധാന ലക്ഷണങ്ങളായ ഛർദി, പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ രണ്ടാഴ്ച, പുറമേ ആരുമായും സമ്പർക്കത്തിലാകാതെ നോക്കണം. ആറാഴ്ച നന്നായി വിശ്രമിക്കണം. രോഗലക്ഷണങ്ങളുള്ളവർ ഒരു കാരണവശാലും ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്നിടത്തോ വിതരണം ചെയ്യുന്നിടത്തോ ജോലി ചെയ്യരുത്.
മലിനമായി കിടക്കുന്ന ജലസ്രോതസുകളിലൂടെയും ആഹാരമുണ്ടാക്കുന്നതിന് മലിനമായ ജലം ഉപയോഗിക്കുമ്പോഴുമാണ് മഞ്ഞപിത്ത ബാധയുണ്ടാകുന്നതും അസുഖം പടരുന്നതും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രോഗികൾ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.