ഉപയോഗ ശൂന്യമായ ഏഴു ലക്ഷം ടിൻ അരവണ നശിപ്പിയ്ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചു. ഏകദേശം അഞ്ചര കോടിയോളം രൂപ വിലവരുന്ന അരവണയാണ് ശാസ്ത്രീയമായി നശിപ്പിയ്ക്കേണ്ടത്. അരവണയിൽ ഉപയോഗിച്ച ഏലക്കായിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഹൈക്കോടതിയാണ് അരവണയുടെ വില്പന തടഞ്ഞത്. നിലവിൽ ശബരിമല സന്നിധാനത്തെ ഗോഡൗണിലാണ് അരവണ സൂക്ഷിച്ചിരിയ്ക്കുന്നത്.
ശാസ്ത്രീയമായി വളരെ ശ്രദ്ധയോടെ മാത്രമേ ഇതു നശിപ്പിയ്ക്കാൻ കഴിയൂ. അതിനു കാരണങ്ങൾ നിരവധിയാണ്. കാലാവധി കഴിഞ്ഞതിനാലും കീടനാശിനി സാന്നിധ്യമുള്ളതിനാലും ഒരു കാരണവശാലും ഇത് മനുഷ്യർ ഉപയോഗിയ്ക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ശബരിമല പരിധിയ്ക്കുള്ളിൽ നശിപ്പിയ്ക്കാൻ ശ്രമിച്ചാൽ അരവണയുടെ ഗന്ധം ആനകളെ ആകർഷിയ്ക്കുമെന്നതിനാൽ പമ്പയ്ക്കു പുറത്തു കൊണ്ടു പോയി നശിപ്പിയ്ക്കണം. അരവണ ടിന്നുകളിൽ സ്വാമി അയ്യപ്പൻ്റെ ചിത്രം പതിച്ചിട്ടുള്ളതിനാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടു തോന്നാത്ത രീതിയിൽ നശിപ്പിക്കേണ്ടതുണ്ട്. പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാകാത്ത രീതിയിലും മറ്റാരോഗ്യപ്രശ്നങ്ങൾ വരാത്ത രീതിയിലുമാകണം നശിപ്പിയ്ക്കേണ്ടതന്നും ടെൻഡറിൽ പറയുന്നുണ്ട്. കരാർ എടുക്കുന്ന കമ്പനി ഒന്നരമാസത്തിനുള്ളിൽ ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിച്ച് രേഖകൾ സമർപ്പിയ്ക്കണം. ഈ മാസം 21 ആണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി.