സമരം ചെയ്യാനായി ഡ്രൈവിംഗ് സ്കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരാൾക്ക് ലൈസൻസ് കൊടുക്കുമ്പോൾ അത് മികച്ച നിലവാരത്തിൽ കൊടുക്കണം. ഒരു ഇൻസ്പെക്ടർ ഒരു ദിവസം മാത്രം 126 ലൈസൻസ് കൊടുത്തു. കൂടാതെ ഫിറ്റ്നെസ് ടെസ്റ്റുകളും അന്നുതന്നെ അയാൾ നടത്തി. ഇതൊരു മഹാത്ഭുതമാണ്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ? വകുപ്പിനു തന്നെ ഇത്തരം പ്രവണതകൾ നാണക്കേടല്ലേ? ഗണേഷ് കുമാർ ചോദിച്ചു.
നന്നായി വണ്ടി ഓടിയ്ക്കുന്നവർക്കു മാത്രം ഡ്രൈവിംഗ് ലൈസൻസ് നൽകിയാൽ മതി എന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. അക്കാര്യത്തിൽ പൊതുജനം എനിയ്ക്കൊപ്പം നിൽക്കുകയും ചെയ്തു. അതിനു നന്ദിയുണ്ട്. അവസാനം ഡ്രൈവിംഗ് സ്കൂളുകാർക്കും മനസിലായി ഞാൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന്. അഴിമതിയ്ക്കു വേണ്ടിയല്ലല്ലോ ഞാൻ നിലപാടെടുത്തത്. എല്ലാവരുടേയും നല്ലതിനു വേണ്ടിയല്ലേ- മന്ത്രി തുടർന്നു.
ലൈസൻസ് കൊടുക്കുന്നതിനെതിരെ സമരം ചെയ്തവർക്കൊപ്പം നിന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ് കയ്യിലുണ്ട്. ഇവർക്കുള്ള സമ്മാനം പുറകേ വരുന്നുണ്ട്. അവർ കരുതിയിരിക്കട്ടെ. എവിടെയെങ്കിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസ് കൊടുത്താൽ ഉറപ്പായും പിന്നാലെ അവിടെ പരിശോധനയുണ്ടാകും. എന്തെങ്കിലും കുഴപ്പം കണ്ടെത്തിയാൽ കർശന നടപടിയുമുണ്ടാകും. 126 ലൈസൻസ് ഒരു ദിവസം നൽകി അത്ഭുതം സൃഷ്ടിച്ച ആ പ്രതിഭയെ സർവീസിൽ നിന്നു പിരിച്ചുവിട്ട് ആദരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ സഹോദരിമാരുടേയും മക്കളുടേയും ജീവനാണ് റോഡിൽ ദിനവും പൊലിയുന്നത്. ഇനി അങ്ങനെ സംഭവിച്ചുകൂട. നന്നായി വണ്ടി ഓടിക്കാൻ പഠിച്ച് കൈ തെളിഞ്ഞ ശേഷം മാത്രം ലൈസൻസുമെടുത്ത് വണ്ടി നിരത്തിൽ ഓടിച്ചാൽ മതി. നിഷ്ക്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു മാത്രം ഡ്രൈവിംഗ് നടത്തിയാൽ മതി. വണ്ടി നന്നായി ഓടിക്കുന്നവരെ മാത്രമേ ടെസ്റ്റിൽ ജയിപ്പിക്കാവൂ എന്നും കൊട്ടാരക്കരയിൽ നടന്ന പരിപാടിയിൽ കെ ബി ഗണേഷ് കുമാർ പറഞ്ഞു.