തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് മിന്നൽ പ്രളയം. വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരുന്ന 1 17 കാരൻ പ്രളയത്തിപ്പെട്ട് മരിച്ചു. ഇന്ന് ഉച്ചവരെ സാധാരണ അന്തരീക്ഷമായിരുന്നതിനാൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ ഒന്നും തന്നെ കുറ്റാലത്ത് നൽകിയിരുന്നില്ല. അതിനാൽ വിനോദ സഞ്ചാരികൾ കുളിയ്ക്കുകയും മറ്റു വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നപ്പോൾ അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചു വരികയായിരുന്നു. യുവാവിനെ രക്ഷിയ്ക്കാൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുത്തൊഴുക്കിൽ നിന്ന് മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഊട്ടിയിലേയ്ക്കുള്ള യാത്രയും വിനോദ സഞ്ചാരികൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ മുതൽ മൂന്നു ദിവസത്തേക്ക് യാത്ര അനുവദിയ്ക്കില്ലെന്ന് നീലഗിരി ജില്ലാ കളക്ടറും അറിയിച്ചു. ഊട്ടിയിലും നീലഗിരി ജില്ലയിലെ വിവിധ മേഖലകളിലും കനത്ത മഴയാണ് അടുത്ത ദിവസങ്ങളിൽ പ്രവചിച്ചിരിയ്ക്കുന്നത്. ഈ സാഹചര്യത്തിൽ മണ്ണിടിയാനുള്ള സാധ്യതയും കണക്കിലെടുത്താണ് കളക്ടർ നിർദേശം നൽകിയിരിയ്ക്കുന്നത്.