അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് പുഴയിൽ കുളിച്ച കുട്ടിയ്ക്ക് അവിടെ നിന്നാവാം അണുബാധയേറ്റതന്ന് സംശയിയ്ക്കുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാർ പറയുന്നു.കടുത്ത പനി, തലവേദന എന്നിവയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉണ്ടായിരുന്ന കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. എന്നാൽ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച മറ്റു നാലു കുട്ടികൾ കൂടി ചികിത്സയിലാണ്.കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ആലപ്പുഴയിലെ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്കും ഇതേ രോഗം ബാധിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആ കുട്ടി മരിച്ചു. തലച്ചോറിൽ അമീബ പ്രവേശിക്കുന്നതോടെയാണ് രോഗാവസ്ഥ തുടങ്ങുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് അമീബ തലച്ചോറിൽ പ്രവേശിയ്ക്കുന്നത്. ആശങ്കയുടെ ആവശ്യമില്ലെന്നും കുട്ടികളും രക്ഷകർത്താക്കളും ജാഗ്രത പാലിയ്ക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.