എയർ ഇന്ത്യ എക്സ്പ്രസ് ഇനിയും റൺവേയിലായിട്ടില്ല. അഞ്ചു വിമാനങ്ങളാണ് ഇന്ന് റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കിയത്. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് യാത്രയ്ക്കൊരുങ്ങി എത്തിയവരെ ഇന്നും നിരാശരാക്കി മടക്കി അയക്കേണ്ടി വന്നു എക്സ് പ്രസ് അധികൃതർക്ക്.
ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും കാര്യങ്ങൾ ശരിയായ രീതിയിൽ റൂട്ടിലായിട്ടില്ലന്നതാണ് വസ്തുത. കരിപ്പൂരിൽ നിന്നു പുറപ്പെടേണ്ടിയിരുന്ന ബഹ്റൈൻ, ജിദ്ദ സർവീസുകൾ നടന്നില്ല. കണ്ണൂർ – മസ്ക്കറ്റും റൺവേയിൽ തന്നെ കിടപ്പുണ്ട്. നെടുമ്പാശ്ശേരി -ദമാം, നെടുമ്പാശ്ശേരി – ബഹറൈൻ വിമാനങ്ങൾക്കും ചലനമില്ല. കാര്യങ്ങൾ ശരിയായ വഴിയിലേക്കെത്തുന്നു ,അല്പം കൂടി ക്ഷമിയ്ക്കൂ എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നത്.