ഛത്തീസ്ഗഡിൽ പ്രായ പൂർത്തിയാകാത്ത മക്കളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും. ഛത്തീസ്ഗഡിലെ പ്രതാപ് പൂരിയിലാണ് സംഭവം. സഞ്ജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. മെയ് ഒന്നിനാണ് സഞ്ജയ്യുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ അവസ്ഥയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരിസരത്തു താമസിക്കുന്ന യുവതിയും സഹോദരനും യുവതിയുടെ മക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
മക്കളെ പീഡിപ്പിച്ചതിനാലാണ് കൊന്നത് എന്നാണ് മാതാവ് നൽകിയ മൊഴി. മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട സഞ്ജയ് കഴിഞ്ഞ അഞ്ചുവർഷമായി കുട്ടികളെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്യുന്നു. സംഭവ ദിവസം രാത്രി കുട്ടികളുടെ കരച്ചിൽ കേട്ട് എണീറ്റപ്പോൾ കുട്ടികളെ പീഡിപ്പിക്കുന്ന സഞ്ജയ്യെ ആണ് കണ്ടത്. തുടർന്ന് മാതാവ് സഹോദരന്റെ സഹായത്തോടെ ഇയാളെ കൊന്ന് കെട്ടി തൂക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തി.