ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിലെ പരാജയത്തിന് പിന്നാലെ മുംബയ് ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ആൾ റൗണ്ടർ ഇർഫാൻ പത്താൻ രംഗത്തെത്തി. ഒരു ക്യാപ്ടനെന്ന നിലയിൽ മറ്റ് ടീം അംഗങ്ങളുടെ വിശ്വാസമാർജിക്കാൻ ഹാർദിക് പാണ്ഡ്യക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ തെറ്റായ തീരുമാനങ്ങളാണ് ടീമിനെ കളിച്ച 11 മത്സരങ്ങളിൽ എട്ടെണ്ണത്തിലും പരാജയത്തിലേക്ക് നയിച്ചതെന്നും ഇർഫാൻ പറയുന്നു. മുംബയ് ഇന്ത്യൻസ് ക്യാപ്ടന്റെ റോളിൽ പാണ്ഡ്യയുടെ ആദ്യ സീസൺ വൻ ദുരന്തമാണെന്നും താരം പറയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.
ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മുംബയ് ഇന്ത്യൻസ് ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് രോഹിത് ശർമയെ മാറ്റി ഗുജറാത്ത് ടൈറ്റൻസ് താരം ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്തെത്തിച്ചത് . ഇതിനെതിരെ പ്രമുഖ ഇന്ത്യൻ താരങ്ങളും ആരാധകരും പരസ്യമായി രംഗത്തു വന്നിരുന്നു. നിലവിൽ ലോക ടി – 20 യിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന മുംബയ് ടീമിനെ നയിക്കാൻ ഹാർദിക് പാണ്ഡ്യക്ക് കഴിയില്ലെന്ന് മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പല തീരുമാനങ്ങളും . കഴിഞ്ഞ ദിവസം കെ.കെ. ആറിനെതിരായ മത്സരത്തിൽ 57 റൺസിന് 5 വിക്കറ്റെന്ന നിലയിൽ ശക്തമായി നിൽക്കുമ്പോൾ പ്രധാന ബൗളർമാർക്ക് പന്ത് നൽകാതെ ഹാർദിക് പാണ്ഡ്യ പരീക്ഷിച്ചത് ആറാം ബൗളറായി ടീമിലുൾപ്പെടുത്തിയ നമൻ ധീറിനെയാണ്. ഇത് ഇംപാക്ട് പ്ലെയറാക്കി ഇറക്കിയ മനീഷ് പാണ്ഡ്യയുടെയും വെങ്കിടേഷ് അയ്യരുടെയും സഹായത്തോടെ മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ കൊൽക്കത്തയെ സഹായിച്ചെന്നാണ് ഇർഫാൻ പത്താൻ കുറ്റപ്പെടുത്തുന്നത്.
![](https://www.atmalayalam.in/wp-content/uploads/2024/05/Capture4566-1024x731.jpg)
![](https://www.atmalayalam.in/wp-content/uploads/2024/05/Capture4566-1024x731.jpg)
“മുംബൈ ഇന്ത്യൻസിൻ്റെ കഥ ഇവിടെ അവസാനിക്കുന്നു. മികച്ച ഒരു ലൈൻ അപ്പാണ് ടീമിനുണ്ടായിരുന്നത്, പക്ഷേ അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾ തികച്ചും ശരിയായിരുന്നു. കെ കെ ആറിനെ-നെ 57/5 എന്ന നിലയിൽ പരിമിതപ്പെടുത്തിയ ശേഷം തുടർച്ചയായി മൂന്ന് ഓവറുകൾ നമാൻ ധീറിന് നൽകിയത് തെറ്റായിരുന്നു . ഈ സാഹചര്യത്തിൽ പ്രധാന ബൗളർമാരെ കൊണ്ടുവരണമായിരുന്നു . ഇവിടെ ആറാമത്തെ ബൗളർക്ക് മൂന്ന് ഓവർ നൽകിയത് കളിയുടെ ഗതി മാറ്റി. മനീഷ് പാണ്ഡെയും വെങ്കിടേഷ് അയ്യരും ശക്തമായ കൂട്ടുകെട്ട് പടുത്തുയർത്തി. അല്ലെങ്കിൽ കൊൽക്കത്തയെ 150 റൺസിന് പുറത്താക്കാമായിരുന്നു, പകരം അവരെ 170 റൺസ് സ്കോർ ചെയ്യാൻ മുംബയ് ഇന്ത്യൻസ് അനുവദിക്കുമായിരുന്നു” – ഇർഫാൻ വീഡിയോയിൽ പറഞ്ഞു.
തങ്ങളുടെ ക്യാപ്ടനായി ഹാർദിക് പാണ്ഡ്യയെ അംഗീകരിക്കാൻ മുംബയ് ഇന്ത്യൻസ് താരങ്ങൾ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ടീമിന്റെ ഇത്തവണത്തെ പ്രകടനത്തെ ബാധിച്ചുവെന്നും താരം കുറ്റപ്പെടുത്തുന്നു. മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകമാണ് ക്യാപ്റ്റൻ . ഹാർദികിന് കീഴിൽ മുംബൈ ഇന്ത്യൻസ് ഒരുമിച്ച് നിൽക്കുന്നതായി തോന്നുന്നില്ല . ഇത് ടീം മാനേജ്മെന്റ് പരിഗണിക്കേണ്ട വിഷയമാണ് . ക്യാപ്റ്റനെ ടീം അംഗങ്ങൾ അംഗീകരിക്കേണ്ടതും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അനുസരിക്കേണ്ടതും അത്യാവശ്യമാണ് . എന്നാൽ മുംബയ് ഇന്ത്യൻസിന്റെ കാര്യത്തിൽ ഇക്കാര്യം നമുക്ക് ഗ്രൗണ്ടിൽ കാണാൻ കഴിയുന്നില്ലെന്നും ഇർഫാൻ പത്താൻ കുറ്റപ്പെടുത്തുന്നു.
![](https://www.atmalayalam.in/wp-content/uploads/2024/05/434846024_834293515404789_4058140821997876076_n.jpg)
![](https://www.atmalayalam.in/wp-content/uploads/2024/05/434846024_834293515404789_4058140821997876076_n.jpg)
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ കൊൽക്കത്ത മുന്നോട്ട് വച്ച 170 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബയ് 18.5 ഓവറിൽ 145 റൺസിന് ആൾ ഔട്ടായി . 2012 ന് ശേഷം ഇതാദ്യമായാണ് വാംഖഡെയിൽ മുംബയ്ക്കെതിരെ കൊൽക്കത്ത വിജയം നേടുന്നത്. ഇതോടെ 10 കളികളിൽ നിന്നും ഏഴ് വിജയത്തോടെ 14 പോയിന്റുമായി കൊൽക്കത്ത പോയിന്റ് ടേബിളിൽ രണ്ടാമതെത്തി. 11 മത്സരങ്ങളിൽ നിന്ന് 6 പോയിന്റോടെ മുംബയ് ഇപ്പോഴും ഒമ്പതാം സ്ഥാനത്താണ്. സാങ്കേതികമായി മുംബയ് പ്ലേ ഓഫ് പട്ടികയിൽ നിന്നും പുറത്തായിട്ടില്ല. ബാക്കിയുള മൂന്ന് മത്സരങ്ങളിൽ ജയിക്കുകയും ചില മത്സരങ്ങളുടെ ഫലം അനുകൂലമാവുകയും ചെയ്താൽ ടീമിന് പ്രതീക്ഷനിലനിറുത്താം. മേയ് ആറിന് ഹൈദരാബാദിനെതിരെയും 11 ന് കൊൽക്കത്തക്കെതിരെയും 17 ന് ലക്നൗവിനെതിരെയുമാണ് മുംബയ് യുടെ അവശേഷിക്കുന്ന മത്സരങ്ങൾ.
https://www.instagram.com/reel/C6hF34nSxgG/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==