അമേഠി ഒഴിവാക്കി രാഹുൽ റായ്ബറേലിയിലെത്തിയതിന് പിന്നിലെ കാരണം ഇതാണ്

At Malayalam
2 Min Read

ദിവസങ്ങൾ വേണ്ടി വന്നു ഖാർഗെയ്ക്ക് , ഒരു കാലത്ത് കോൺഗ്രസിൻ്റെ കുത്തകയായിരുന്ന അമേഠിയിലും റായ്ബറേലിയിലും നിന്ന് ലോക്സഭയിലേക്ക് മത്സരിയ്ക്കാൻ രണ്ടാളെ കണ്ടെത്താൻ . രാഹുൽ – പ്രിയങ്ക പേരുകൾക്കു തന്നെയായിരുന്നു മുൻഗണന . പല കാരണങ്ങളാൽ താനില്ലെന്ന മട്ടിൽ പ്രിയങ്ക ആദ്യമേ റായ്ബറേലിയിൽ നിന്ന് തലയൂരി . അമേഠിയിൽ രാഹുൽ എന്നു ചുവരെഴുത്തിന് മഷി തയ്യാറാക്കിയവരെ നിരാശരാക്കി , നാമനിർദേശ പത്രിക നൽകാൻ ഇനിയും സമയമില്ല എന്നു കണ്ട് , കിഷോരിലാൽ ശർമയുടെ പേര് ഖാർഗെ വിളിച്ചു പറഞ്ഞു . രാഹുൽ റായ്ബറേലിയിലും എന്നു പ്രഖ്യാപിച്ച് ഖാർഗെ മടങ്ങി.

മോദിയുടെ പരിഹാസവും സ്മൃതിയുടെ വെല്ലുവിളിയും

‘ഞാനന്നേ പറഞ്ഞില്ലേ രാഹുൽ അമേഠിയിൽ നിന്ന് ഓടിയൊളിക്കുമെന്ന് , രാഹുൽ റായ്ബറേലിയിൽ നിൽക്കുമെന്നും ഞാൻ പ്രവചിച്ചില്ലേ . വയനാട്ടിലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ രാജകുമാരൻ തോൽക്കുമെന്നുറപ്പായി , റായ്ബറേലിയിലേക്ക് പരക്കം പാഞ്ഞു’ എന്നായി നരേന്ദ്രമോദി . ‘ധൈര്യമുണ്ടോ രാഹുലേ , വരൂ അമേഠിയിൽ എനിക്കെതിരെ മത്സരിക്കൂ , എന്നിട്ട് വിജയിക്കു ‘ എന്ന് സ്മൃതി ഇറാനി . ബി ജെ പി നേതാക്കൻമാർ രാഹുലിനെ കണക്കറ്റ് കളിയാക്കുന്നു.

അമ്മ ഏല്പിച്ച ദൗത്യവും കൈവിടുന്ന വയനാടും

റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് മാധ്യമങ്ങളെ കണ്ട രാഹുൽ വികാരാധീനനായി . റായ്ബറേലി തൻ്റെ അമ്മ ഏല്പിച്ച ദൗത്യമാണ് . അമേഠിയും റായ്ബറേലിയും തൻ്റെ കുടുംബമെന്നും രാഹുൽ . 40 കൊല്ലമായി പാർട്ടിയിലുള്ള കിഷോരിലാൽ അമേഠിയിലെ മികച്ച സ്ഥാനാർത്ഥിയാണന്നും രാഹുൽ പറഞ്ഞു.

റായ്ബറേലിയിൽ ജയിച്ചാൽ രാഹുൽ വയനാട് കൈവിടുമെന്നുറപ്പാണ് . കേരളത്തിലെ കോൺഗ്രസ് ഇതിൽ ന്യായീകരണം കണ്ടെത്താൻ അല്പം വിയർക്കേണ്ടിവരും . റായ്ബറേലി പോരായിരുന്നോ എന്ന ചോദ്യമുണ്ടാകും . ഹിന്ദി മേഖലയിൽ നിൽക്കാൻ ഇന്ത്യ സഖ്യം പല തവണ രാഹുലിനോട് ആവശ്യപ്പെട്ടതുമാണ്. പ്രത്യേകിച്ച് ഇടതു പാർട്ടികൾ.

- Advertisement -

രാഹുൽ ഗാന്ധി വയനാട്ടുകാരെ ചതിയ്ക്കുകയായിരുന്നു എന്ന് എതിർ സ്ഥാനാർത്ഥിയും സി പി ഐ നേതാവുമായ ആനി രാജ ഇതിനോടകം പറഞ്ഞിട്ടുണ്ട് . കേരളത്തിലെ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ താൻ റായ് ബറേലിയിലും മത്സരിക്കുമെന്ന് വയനാട്ടിലെ വോട്ടർമാരോട് തുറന്നു പറയേണ്ടതായിരുന്നു രാഹുൽ ചെയ്യേണ്ടിയിരുന്നതെന്നും ആനി പറഞ്ഞു . ഇനി അങ്കത്തിൻ്റെ അവസാനം വരെ കാത്തിരിക്കാം . ആര് ആരെ കൊള്ളുമെന്നും തള്ളുമെന്നും കണ്ടറിയാൻ

Share This Article
Leave a comment