ഉത്തർ പ്രദേശിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെയാണെങ്കിലും റായ്ബറേലി , അമേഠി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാകാതെ കുഴങ്ങി കോൺഗ്രസ്. അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കണമെന്നാണ് യു പി കോൺഗ്രസിൻ്റെ ആവശ്യമെങ്കിലും ഇരുവരും ഇനിയും മനസു തുറന്നിട്ടില്ല. ഇന്നു തന്നെ രണ്ടിടങ്ങളിലേയും സ്ഥാനാർത്ഥികളെ പാർട്ടി അധ്യക്ഷൻ മല്ലകാർജുൻ ഖാർഗെ പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരേയും തീരുമാനമായിട്ടില്ല . ഇതിനിടെ പ്രിയങ്കയുടെ ഭർത്താവും വ്യാപാരിയുമായ റോബർട്ട് വധ്ര റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകാൻ താല്പര്യമറിയിച്ചെങ്കിലും പാർട്ടി ചെവിക്കൊണ്ടില്ല.
കഴിഞ്ഞ തവണ അമേഠി , കോൺഗ്രസിനെ കൈവിട്ടെങ്കിലും റായ്ബറേലിയിൽ നിന്ന് സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിരുന്നു . സോണിയ നിലവിൽ രാജ്യ സഭാംഗമായതിനാലാണ് അവിടെ മറ്റൊരാളെ കണ്ടെത്തേണ്ടി വരുന്നത് . അമേഠിയിൽ ഒരു പുതു മുഖത്തെ സ്ഥാനാർത്ഥിയാക്കി രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കാനുള്ള സാധ്യതയും പറഞ്ഞു കേൾക്കുന്നു . അമേഠിയിൽ ബി ജെ പി നേതാവ് സ്മൃതി ഇറാനിയാണ് എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്