തൃശൂർ , കണ്ണൂർ ജില്ലകളിലെ തീ പിടിത്തത്തെ തുടർന്ന് കൃഷിഭൂമി ഉൾപ്പെടെ കത്തിനശിച്ചു . കൃഷിസ്ഥലങ്ങൾ കൂടാതെ മറ്റു മരങ്ങൾ , ചെടികൾ ഒക്കെ നിന്ന ഏക്കറുകണക്കിനു സ്ഥലത്താണ് തീപിടുത്തമുണ്ടായത്. കൊടുംചൂടു മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.തൃശൂരിൽ കുന്നത്തുംകരയിലെ പാടത്താണ് തീ പടർന്നുപിടിച്ചത് . പാടം നിറയെ ഉണങ്ങിയ പുല്ലായിരുന്നതിനാൽ വേഗത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു . സമീപ പ്രദേശത്തുള്ളവർ വലിയ പുക കണ്ട് ഓടിയെത്തുകയായിരുന്നു . കണ്ണൂരിലാകട്ടെ വയക്കര പാടത്താണ് തീ പിടിച്ചത് . ഇവിടെ നാല്പത് ഏക്കറോളം ഭൂമിയിലാണ് തീ പടർന്നത് . ഉണക്ക പുല്ലും കൃഷിക്കാവശ്യമായി കരുതി വച്ചിരുന്ന മറ്റു വസ്തുക്കളുമൊക്കെ കത്തിനശിച്ചതായാണ് വിവരം.ഇരു സ്ഥലങ്ങളിലും ആളപായമൊന്നും സംഭവിച്ചിട്ടില്ല. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കനത്ത ചൂടിൻ്റെ പശ്ചാത്തലത്തിൽ തീ പിടിത്തമുണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഗ്നിശമന സേനാവിഭാഗം നിർദേശിച്ചു.