ഓർമയിലെ ഇന്ന്, ഏപ്രിൽ – 26 : മാമുക്കോയ

At Malayalam
3 Min Read



മാമുക്കോയ ഓർമ്മയായിട്ട് ഇന്നലെ ഒരു വർഷം കഴിഞ്ഞു.

ഹാസ്യ കഥാപാത്രങ്ങൾ ഉൾപ്പെടെ ഏതു വേഷവും തൻമയത്വത്തോടെ അവതരിപ്പിച്ച മാമുക്കോയ . കുതിരവട്ടം പപ്പുവിന് ശേഷം കോഴിക്കോടൻ ‍സംഭാഷണ ശൈലിയിലൂടെ മലയാളി മനസിൽ പ്രതിഷ്ഠിതനായ മാമുക്കോയ . പപ്പു അവതരിപ്പിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ സംഭാഷണ ശൈലിയാണ് മാമുക്കോയയുടെ ഏറ്റവും വലിയ സവിശേഷത . മുഹമ്മദ് എന്നാണ് യഥാർത്ഥ പേര് . മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠൻ്റെ സംരക്ഷണയിലായിരുന്നു വളർന്നത് . കോഴിക്കോട് എം എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം . പഠനകാലത്തു തന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. മരത്തിനു നമ്പറിടുക , ഗുണ നിലവാരം പരിശോധിക്കുക , അളന്നു തിട്ടപ്പെടുത്തുക എന്നിവയിലൊക്കെ വിദഗ്ധനായിരുന്നു മാമു . നാടകവും ജോലിയും ഒരുമിച്ചു മുന്നോട്ടു പോയി . കോഴിക്കോട് ഭാഗത്തെ നിരവധി നാടക – സിനിമാക്കാരുമായി സൗഹൃദത്തിലായി . കെ ടി മുഹമ്മദ് , വാസു പ്രദീപ് , ബി മുഹമ്മദ് (കവിമാഷ്) , എ കെ പുതിയങ്ങാടി , കെ ടി കുഞ്ഞ് , ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു . സുഹൃത്തുക്കൾ ചേർന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു . നിലമ്പൂർ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത് . 1982 ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു . മമ്മൂട്ടിയെ നായകനാക്കി സാജൻ സംവിധാനം ചെയ്ത സ്നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം. പിന്നീട് സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് , സൻമനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി .

- Advertisement -

സിബിമലയിലിൻ്റെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം . പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലെ അവിഭാജ്യഘടകമായി . ഇന്നസെൻ്റ് – മാമുക്കോയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി സിനിമകൾ അക്കാലത്ത് പ്രദർശനത്തിനെത്തി.

നാടോടിക്കാറ്റിലെ ഗഫൂർക്ക , സന്ദേശത്തിലെ കെ ജി പൊതുവാൾ , ചന്ദ്രലേഖയിലെ പലിശക്കാരൻ മാമ , മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ , റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ , വരവേൽപ്പിലെ ഹംസ , പ്രാദേശിക വാർത്തകളിലെ ജബ്ബാർ , കൺകെട്ടിലെ കീലേരി അച്ചു , ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി , തലയണമന്ത്രത്തിലെ കുഞ്ഞനന്ദൻ മേസ്തിരി , നരേന്ദ്രൻ മകൻ ജയകാന്തനിലെ സമ്പീശൻ , കളിക്കളത്തിലെ പോലീസുകാരൻ , ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാൽ , കൗതുക വാർത്തകളിലെ അഹമ്മദ് കുട്ടി , മേഘത്തിലെ കുറുപ്പ് , പട്ടാളത്തിലെ ഹംസ , മനസ്സിനക്കരയിലെ ബ്രോക്കർ , പെരുമഴക്കാലത്തിലെ അബ്ദു , ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം , ഉസ്ദാത് ഹോട്ടലിലെ ഉമ്മർ , കെ.എൽ 10 പത്തിലെ ഹംസകുട്ടി , ആട് 2 ലെ ഇരുമ്പ് അബ്ദുള്ള , മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കർ ഹാജി , കുരുതിയിലെ മൂസാ ഖാലിദ് , മിന്നൽ മുരളിയിലെ ഡോക്ടർ നാരായണൻ , ഒപ്പത്തിലെ സെക്യൂരിറ്റിക്കാരൻ തുടങ്ങിയവയെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളാണ് . മലയാളത്തിന് പുറമേ അരങ്ങേട്ര വേളൈ , കാസ് , കോബ്ര തുടങ്ങിയ
തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് . എന്നാൽ മാമുക്കോയയുടെ പ്രതിഭ മലയാള സിനിമ സംവിധായകർ ശരിയായി ഉപയോഗിച്ചിട്ടില്ല എന്നു വേണം കരുതാൻ . വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളായിരുന്നു അദ്ദേഹം . എന്നിട്ടും നിലവാരമില്ലാത്ത കോമഡി വേഷങ്ങളിൽ മാത്രം തളച്ചിട്ടു . 2001 ൽ സുനിൽ സംവിധാനം ചെയ്ത കോരപ്പൻ ദ ഗ്രേറ്റ് , ഇ എം അഷ്റഫിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളിൽ നായകനായി . പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യക ജൂറി പരാമർശം ലഭിച്ചു . ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ൽ മികച്ച ഹാസ്യനടനായും തിരഞ്ഞെടുക്കപ്പെട്ടു . 2023 ഏപ്രിൽ 26 ന് അന്തരിച്ചു.

TAGGED:
Share This Article
Leave a comment