വയലിന്‍ ഇതിഹാസം ലാല്‍ഗുഡി ജയരാമന്റെ 11-ാം ചരമവാർഷികമാണിന്ന്.
ലാല്‍ഗുഡി ബാണി എന്നപേരില്‍ കര്‍ണാടക സംഗീതത്തിന് തനത് വയലിന്‍ ശൈലി ആവിഷ്‌കരിച്ച കർണാടകസംഗീതജ്‌ഞനും വയലിനിസ്റ്റും ആണ് ലാൽഗുഡി ജയരാമൻ . ടി എൻ കൃഷ്ണൻ , ലാൽഗുഡി ജയരാമൻ , എം എസ് ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടക സംഗീതത്തിലെ ‘വയലിൻ ത്രയങ്ങൾ’ എന്നറിയപ്പെടുന്നു . 1930 സപ്തംബര്‍ 17ന് ചെന്നൈയില്‍ ജനിച്ച ജയരാമന്‍ പന്ത്രണ്ടാം വയസില്‍ അകമ്പടിക്കാരനായി സംഗീതജീവിതം ആരംഭിച്ചു . കർണാടക സംഗീതത്തിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി . ഇത് ലാൽഗുഡി ബാണി എന്ന പേരിൽ അറിയപ്പെടുന്നു . പരമ്പരാഗത ശൈലികളിൽ വേരുറപ്പിച്ചുകൊണ്ടുള്ള ഒരു തനതു ശൈലിയായിരുന്നു ഇത്.
കൂടാതെ ഒട്ടേറെ കൃതികൾ , തില്ലാനകൾ , വർണം എന്നിവ ചിട്ടപ്പെടുത്തിയിട്ടുണ്ട് . ഭാവപ്രധാനങ്ങളാണ് എന്നതാണ് അദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. ചെമ്പൈ വൈദ്യനാഥ ഭാഗവതർ , ശെമാങ്കുഡി ശ്രീനിവാസ അയ്യർ , ശങ്കരനാരായണൻ , ടി എൻ ശേഷഗോപാലൻ എന്നിവരുടെ കച്ചേരികളിൽ വയലിനിസ്റ്റായിരുന്നു അന്തർദ്ദേശീയതലത്തിൽ കർണാടസംഗീത രീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കണക്കാക്കുന്നത് .
നാദവിദ്യാതിലകം (1963) , പത്മശ്രീ (1972) , നാദവിദ്യാ രത്‌നാകര പുരസ്‌കാരം , സംഗീത ചൂഡാമണി , സംഗീത നാടക അക്കാദമി പുരസ്‌കാരം (1979) , പത്മഭൂഷണ്‍ (2001) തുടങ്ങിയവ നേടി . 2006 ല്‍ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട് . 2013 ഏപ്രിൽ 22 ന് അന്തരിച്ചു . വനിതാ ഗായകർക്കു വേണ്ടി വയലിൻ വായിക്കില്ലെന്നത് അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു . അദ്ദേഹത്തിന്റെ പിതാവായ വി ആർ ഗോപാലയ്യർക്കും ഇതേ നിഷ്ഠയുണ്ടായിരുന്നു.
മകന്‍ ലാല്‍ഗുഡി ജി ജെ ആര്‍ കൃഷ്ണന്‍ , മകള്‍ ജി ജെ ആര്‍ വിജയലക്ഷ്മി എന്നിവരും പ്രസിദ്ധ വയലിനിസ്റ്റുകളാണ്.