ഓസ്കാർ പുരസ്ക്കാരം നേടിയ ജയ്‌ഹോ എന്ന ഗാനം യഥാർത്ഥത്തിൽ എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയതല്ലെന്ന് പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ . ഗായകൻ സുഖ്‌വിന്ദർ സിംഗാണ് സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ഓസ്കാർ ഗാനത്തിൻ്റെ സംഗീത സംവിധായകനെന്ന് ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വർമ്മ വെളിപ്പെടുത്തിയത്.
സുഭാഷ് ഘായ് സംവിധാനം ചെയ്ത യുവരാജ് എന്ന ചിത്രത്തിനു വേണ്ടിയാണ് സിംഗ് ഈ പാട്ടുണ്ടാക്കിയത്. അതാകട്ടെ റഹ്മാൻ പറഞ്ഞിട്ടാണ് താനും . റഹ്മാൻ വിദേശത്തായിരുന്നതിനാലും പാട്ട് അത്യാവശ്യമായതിനാലുമാണ് സുഖ്‌വിന്ദർ പാട്ടു ചെയ്തത് . അങ്ങനെ ജയ്ഹോ എന്ന പാട്ടു പിറന്നു. എന്നാൽ യുവരാജ് എന്ന ചിത്രത്തിന് യോജിച്ച പാട്ടല്ലന്ന കാരണത്താൽ സിനിമയിൽ ഈ ഗാനം ഉപയോഗിച്ചില്ല.
സ്ലം ഡോഗ് മില്യണയർ എന്ന ചിത്രം റഹ്മാനെ സംഗീതം ചെയ്യാൻ ഏൽപ്പിച്ചപ്പോൾ ആ ചിത്രത്തിൽ ജയ്‌ഹോ ഉപയോഗിക്കുകയായിരുന്നു . റഹ്മാൻ്റെ പാട്ടായി തന്നെയാണ് അവതരിപ്പിച്ചതും ഓസ്കാർ നേടിയതും. സുഖ്‌വിന്ദർ സിംഗാണ് ഗാനം ചിട്ടപ്പെടുത്തിയതെന്നറിഞ്ഞ സുഭാഷ് ഘായ് ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചെന്നും എന്ത് ധൈര്യത്തിലാണ് അയാൾ കോടികൾ വാങ്ങിയതെന്നും ഘായ് ചോദിച്ചുവെന്നും വർമ്മ പറഞ്ഞു .
സർ , നിങ്ങൾ എ ആർ റഹ്മാൻ എന്ന പേരിനാണ് പണം നൽകുന്നത് . എൻ്റെ ഈണങ്ങൾക്കല്ല . മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന ഈണങ്ങൾ എൻ്റേതാണെന്ന് ഞാൻ അംഗീകരിച്ചാൽ അത് എൻ്റെ പേരിലല്ലേ ഉണ്ടാകൂ . എനിക്കായി എൻ്റെ കാർ ഡ്രൈവർ പോലും ചിലപ്പോൾ ഈണമുണ്ടാക്കി തരും . അതും എൻ്റെ പേരിൽ തന്നെ എഴുതപ്പെടും – എന്നായിരുന്നു ഇതേക്കുറിച്ചു ചോദിച്ചപ്പോൾ എ ആർ റഹ്മാൻ്റെ മറുപടിയെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു . ഡാനി ബോയലിൻ്റെ ചിത്രമായ സ്ലം ഡോഗ് മില്യണയർ നിരവധി ഓസ്ക്കാർ പുരസ്ക്കാരങ്ങൾ നേടിയ ചിത്രമാണ് . സുഖ്‌വിന്ദർ സിംഗ് , മഹാലക്ഷ്മിഅയ്യർ , വിജയ് പ്രകാശ് , തൻവി എന്നിവർക്കൊപ്പം എ ആർ റഹ്മാനും ചേർന്നാണ് ജയ്ഹോ പാടിയിരിക്കുന്നത്.