ഓർമയിലെ ഇന്ന്; ഏപ്രിൽ – 17, തകഴി ശിവശങ്കര പിള്ള

At Malayalam
3 Min Read

കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ 112-ാം ജന്മവാർഷികമാണിന്ന്

കടലിന്റെ പശ്ചാത്തലത്തില്‍ കറുത്തമ്മയടേയും പരീക്കുട്ടിയുടേയും പ്രണയം പറഞ്ഞ
മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥയായ ചെമ്മീൻ എന്ന കൃതിയിലൂടെ ലോകപ്രശസ്തനായ തകഴി ശിവശങ്കര പിള്ള.

- Advertisement -

മണ്ണിന്റെ മണമുള്ള കഥകാരനായിരുന്ന , നവോത്ഥാനത്തിന്റെ പ്രചാരത്തിനും സംസ്ഥാപനത്തിനും ഏറ്റവും കൂടുതൽ പങ്കുവഹിച്ചിട്ടുള്ള സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരിൽ മുൻപന്തിയിലുണ്ടായിരുന്ന… ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു തകഴി . പി കേശവദേവ് , പൊൻകുന്നം വർക്കി , വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്ന അദ്ദേഹത്തെ വിശ്വകഥാകാരനെന്നും കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നും കേരള മോപ്പസാങ് എന്നും വിശേഷിപ്പിക്കുന്നു .

1912 ഏപ്രിൽ 17-ന് (കൊല്ലവര്‍ഷം 1087 മേടം 5) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു . പ്രസിദ്ധ കഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് പിതൃ സഹോദരൻ ആയിരുന്നു . പിതാവും ചക്കംപുറത്തു കിട്ടു ആശാനുമാണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത് . തകഴി , അമ്പലപ്പുഴ , വൈക്കം , കരുവാറ്റ എന്നിവിടങ്ങളിലെ സ്കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം ലോ കോളജിൽ പ്ലീഡർഷിപ്പിനു ചേർന്നു . കരുവാറ്റയില്‍ കൈനിക്കര കുമാര പിള്ളയായിരുന്നു ഹെഡ്മാസ്റ്റര്‍ . നിയമ പഠനകാലത്തു കേസരി എ. ബാലകൃഷ്ണ പിള്ളയെ പരിചയപ്പെട്ടതാണ് സാഹിത്യരംഗത്തെ ഉയർച്ചകൾക്ക് വഴിയൊരുക്കിയത് . ഇടയ്ക്ക് കേരള കേസരി പത്രത്തിലും ജോലി ചെയ്തിരുന്നു .

അമ്പലപ്പുഴ മുൻസിഫ് കോടതിയിലെ വക്കീൽ ജോലിക്കിടയിൽ അടുത്തറിഞ്ഞ കടൽ തൊഴിലാളികളുടെ അടക്കമുള്ളവരുടെ ജീവിതമാണ് തകഴി മിക്ക രചനകൾക്കും വിഷയമാക്കിയത് . ചെമ്മീന്‍ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. എന്നാല്‍ രചനാപരമായി ഈ നോവലിനേക്കാള്‍ മികച്ചു നില്‍ക്കുന്ന ഒട്ടേറെ ചെറുകഥകള്‍ തകഴിയുടേതായുണ്ട്. അദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു . ഇംഗ്ലീഷ് , റഷ്യൻ , ജർമൻ , ഇറ്റാലിയൻ , ഫ്രഞ്ച് , അറബിക് , പോളിഷ് , സിംഹള ഉൾപ്പെടെ 19 ഭാഷകളിലേക്കു ചെമ്മീൻ വിവർത്തനം ചെയ്യപ്പെട്ടു . 1965-ൽ രാമു കാര്യാട്ട് ഈ നോവൽ സിനിമയാക്കി. മലയാള സിനിമ ദേശീയ തലത്തില്‍ ആദ്യമായി സുവര്‍ണ കമലം നേടിയത് ഈ ചിത്രത്തിലൂടെയായിരുന്നു . ഒരു ചലച്ചിത്രം എന്നതിനപ്പുറം അത് മലയാളികളുടെ ദൃശ്യസംസ്കാരത്തിന്റെ ഭാഗമായി മാറുകകൂടി ചെയ്തു.

1956 ലാണ് തകഴി ഈ നോവല്‍ പൂര്‍ത്തീകരിച്ചത്. ഒമ്പതു വര്‍ഷത്തിന് ശേഷം രാമുകാര്യാട്ട് ചലച്ചിത്രമാക്കി. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയത്തിനപ്പുറം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും വിശ്വാസങ്ങളും കൂടിയായിരുന്നു ചെമ്മീന്‍ . അനുഭവങ്ങൾ പാളിച്ചകൾ , ഏണിപ്പടികൾ എന്നീ നോവലുകളും സിനിമയാക്കി. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുള്ള (കാത്ത) വിവാഹം. അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും റഷ്യയിലും പര്യടനം നടത്തിയിട്ടുണ്ട് . 1980 ൽ പത്മഭൂഷൺ ബഹുമതിയും 1984 ൽ ജ്ഞാനപീഠ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു . കേന്ദ്ര സാഹിത്യ അക്കാദമിയുടെ അധ്യക്ഷനുമായിരുന്നു . അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ,വയലാർ പുരസ്കാരം , എഴുത്തച്ഛൻ – വള്ളത്തോൾ പുരസ്കാരങ്ങൾ , സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് , കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ് തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട് . 1999 ഏപ്രിൽ 10-ന് അന്തരിച്ചു . അദ്ദേഹത്തിന്റെ ഭാര്യ കാത്ത 2011 ജൂൺ ഒന്നിനും അന്തരിച്ചു.

തോട്ടിയുടെ മകന്‍ , രണ്ടിടങ്ങഴി , ചെമ്മീന്‍ , ഏണിപ്പടികള്‍ , അനുഭവങ്ങള്‍ പാളിച്ചകള്‍ , കയര്‍ തുടങ്ങി 39 നോവലുകളും അറുനൂറില്‍പ്പരം ചെറുകഥകളും രചിച്ചിട്ടുണ്ട് . ആദ്യകാലത്ത് നിരവധി കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല . ഒരു നാടകം , ഒരു യാത്രാവിവരണം , മൂന്നു ആത്മകഥകള്‍ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.

Share This Article
Leave a comment