മലയാള സിനിമയിലെ വിഷാദ നായകൻ , തിരക്കഥാകൃത്ത് , സംവിധായകൻ , ഗായകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന വേണു ️ നാഗവള്ളിയുടെ 75-ാം ജന്മവാർഷികമാണിന്ന്
1980 കളിൽ മലയാളികളുടെ കാമുക സങ്കല്‍പ്പമായിരുന്ന , മലയാളത്തിന്റെ വിഷാദ നായകനെന്ന് വിളിപ്പേരുളള നടൻ എന്നതിലുപരിയായി സംവിധായകനായും തിരക്കഥകൃത്തായും ഗായകനായുമൊക്കെ ശ്രദ്ധ നേടിയ ബഹുമുഖ പ്രതിഭയായ വേണുഗോപാല്‍ എന്ന വേണു നാഗവള്ളി. നായികാ -നായകന്മാരുടെ പ്രണയസാഫല്യം മാത്രമല്ല വിരഹവും നിരാശയും നഷ്ടപ്പെടലുമെല്ലാം തന്റേതായ ശൈലിയില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു വേണുവിന്.
ശാന്തമായ പ്രകൃതം , നിഷ്‌കളങ്കമായ നോട്ടം എന്നീ പ്രത്യേകതകൾ മലയാളിയെ വേണുവിലേക്ക് അടുപ്പിച്ചു.
1949 ഏപ്രില്‍ 16ന് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി ജനനം . തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ നിന്നു ജേർണലിസം പഠിച്ചിറങ്ങിയ ഉടനെ ആകാശവാണിയില്‍ പ്രോഗ്രാം അനൗൺസറായി ജോലിയിൽ പ്രവേശിച്ചു.
വൈകാതെ സിനിമയിലേയേക്കുളള കടന്നു വരവായി.
ബിരുദം നേടിയ ശേഷം 1975 ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥാ രചന പഠിക്കാന്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയിരുന്നില്ല . 1976ൽ ‘ചോറ്റാനിക്കര അമ്മ’ എന്ന ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചുക്കൊണ്ട് തുടക്കം . പാട്ട് അധികം ശ്രദ്ധിക്കപ്പെട്ടില്ല .1979ൽ കെ ജി ജോർജിന്റെ ‘ഉൾക്കടൽ’ എന്ന ചിത്രത്തിലെ വിഷാദ കാമുക വേഷം വലിയ പേരു നേടിക്കൊടുത്തു വേണുവിന് . ആകാശവാണിയിലെ സഹപ്രവർത്തകനും ആത്മ സുഹൃത്തുമായ പത്മരാജൻ വഴിയാണ് വേണു കെ ജി ജോർജിന്റെ ചിത്രത്തിലെത്തുന്നത് . ഈ ചിത്രത്തിലെ രാഹുലനു പുറമെ ശാലിനി എന്റെ കൂട്ടുകാരിയില്‍ ശോഭയുടെ നായക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു . 1978 ൽ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യമായി തിരക്കഥ എഴുതിയത്. സുഖമോദേവി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത് . പിന്നീടങ്ങോട്ട് രക്തസാക്ഷികള്‍ സിന്ദാബാദ് , അഗ്നിദേവന്‍ , ആയിരപ്പറ , കളിപ്പാട്ടം , കിഴക്കുണരും പക്ഷി , ഏയ് ഓട്ടോ , ലാല്‍ സലാം , സ്വാഗതം , അയിത്തം , അഗ്നിദേവൻ , സര്‍വകലാശാല തുടങ്ങി
ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു . ‘കിലുക്കം’ എന്ന ജനപ്രിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളിയാണ്. അര്‍ത്ഥം , വിഷ്ണു , അഹം , സുഖമോ ദേവി തുടങ്ങി ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും തിരക്കഥ തയ്യാറാക്കി . 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവതയായിരുന്നു അവസാന ചിത്രം . 2010 സെപ്തംബര്‍ 9 ന് അദ്ദേഹം അന്തരിച്ചു.