നാലുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന നവജാതശിശു മരിച്ചു. പുതുപ്പാടി സ്വദേശികളായ ഗിരീഷ്–ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തോടെ തലച്ചോറിനു ക്ഷതം സംഭവിച്ച് ഗുരുതരാവസ്ഥയിലായിരുന്നത്.
ഡിസംബർ 13ന് രാത്രി പ്രസവ വേദനയെ തുടർന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്കു വരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഡ്യുട്ടി നഴ്സുമാർ കുട്ടി പുറത്തേക്കു വരാതിരിക്കാൻ ഉടുത്തിരുന്ന പാവാട വലിച്ച് കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പ്രസവം നടന്നെങ്കിലും ശ്വാസം കിട്ടാതെ തലച്ചോറിനു ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു കുട്ടി.
താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണു നവജാതശിശു ഗുരുതരാവസ്ഥയിൽ ആയതെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ബിന്ദു ആരോഗ്യമന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകിയിരുന്നു.