കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി തമിഴ്‌നാട്. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. കോയമ്പത്തൂരില്‍ പുതിയ സ്‌റ്റേഡിയം പണി പൂര്‍ത്തികരിക്കുന്നതോടെ ക്രിക്കറ്റ് മാച്ചുകള്‍ ഉള്‍പ്പെടെ ഇങ്ങോട്ട് മാറ്റാനാണ് ഉദേശിക്കുന്നത്. ഇതോടെ ചെന്നൈനഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ളവരെ സ്‌റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാർ കരുതുന്നത്.
35000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയമാണ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് ശേഷം തമിഴ്നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് വേദിയാകാനാണ് കോയമ്പത്തൂര്‍ ഒരുങ്ങുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഐപിഎല്‍ മത്സരങ്ങളിലടക്കം ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ചെന്നൈ സൂപ്പര്‍ കിംങ്‌സ്. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടാണ് ചെപ്പോക്ക് സ്‌റ്റേഡിയം. അതിനാല്‍ തന്നെ ഐപിഎല്‍ മത്സരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വളര്‍ന്നുവരുന്ന ദേശീയ ക്രിക്കറ്റ് താരങ്ങളില്‍ പലരും പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണെന്നും തമിഴ്നാടിനായി മറ്റൊരു ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം ആവശ്യമാണെന്ന് മന്ത്രി ടിആര്‍ബി രാജ തന്റെ എക്സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.