ഓർമയിലെ ഇന്ന്, ഏപ്രിൽ 3 – ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള

At Malayalam
4 Min Read

മലയാളത്തിന്റെ പ്രിയ കഥാകാരൻ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 84-ാം ജന്മവാർഷികമാണിന്ന്.

കർമ്മം കൊണ്ട് ഡോക്ടറും
നർമ്മം കൊണ്ട് സാഹിത്യകാരനുമായ
പുനത്തിൽ കുഞ്ഞബ്ദുള്ള . മലയാള സാഹിത്യത്തിൽ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖൻ . തനിക്കു ചുറ്റുമുള്ള മനുഷ്യരിൽനിന്നും അവരുടെ ജീവിതങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് വേറിട്ട വഴികളിലൂടെയാണ് പലപ്പോഴും പുനത്തിലിന്റെ തൂലികയുടെ യലനം . ആരെയും കൂസാത്ത ഫലിത പ്രയോഗങ്ങൾ പുനത്തിൽ കൃതികളെ ഏറെ ജനപ്രിയമാക്കി . 1940 ഏപ്രിൽ 3 ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു . തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം ബി ബി എസും നേടി . കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമിൽ ജോലിനോക്കിയിട്ടുമുണ്ട് . വടകരയിൽ അൽമാസ് എന്ന ആതുരാലയവും നടത്തിയിരുന്നു. മലമുകളിലെ അബ്ദുള്ള എന്ന ചെറുകഥയിലൂടെ മുഖ്യധാരാ സാഹിത്യ ലോകത്തേക്ക് പുനത്തിൽ കാലെടുത്തുവച്ചു .

ഈ കൃതിക്ക് 1975-ലെ ചെറുകഥാ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു . ഇതിനുശേഷം വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ നോവൽ , ഓർമ്മക്കുറിപ്പുകൾ , യാത്രാവിവരണങ്ങൾ തുടങ്ങി എഴുത്തിന്റെ സകല മേഖലകളിലൂടെയും സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്റെതായ സ്ഥാനം പിടിച്ചെടുക്കാൻ പുനത്തിലിന് സാധിച്ചു .

നവഗ്രഹങ്ങളുടെ തടവറ , അലിഗഢിലെ തടവുകാരൻ , സൂര്യൻ , കത്തി എന്നീ രചനകൾക്കു ശേഷം വന്ന സ്മാരക ശിലകൾ എന്ന നോവലാണ് വായനക്കാരുടെ മനസ്സിലേക്ക് പുനത്തിൽ എന്ന എഴുത്തുകാരനെ പിടിച്ചിരുത്തിയത് . പുനത്തിലിന്റെ ഏറ്റവും മികച്ച കൃതിയായും സ്മാരകശില കണക്കാക്കപ്പെടുന്നു . വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത് . ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ , കുഞ്ഞാലി , പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയ കഥാപാത്രങ്ങളാണ് സ്മാരകശിലകൾക്ക് ജീവൻ നൽകിയത് . നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഈ നോവിലിനെ തേടിയെത്തി .

- Advertisement -

അലിഗഢിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ കോർത്തിണക്കി എഴുതിയ അലിഗഢിലെ തടവുകാരൻ ഏറെ ശ്രദ്ധിക്കപ്പെട്ടു . അതുവരെ അനുവർത്തിച്ചു പോന്നിരുന്ന സാഹിത്യ കൃതികളിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക സ്വത്വങ്ങൾ , ഭാഷ , ദേശം , ജീവിതാന്വേഷണങ്ങൾ എന്നിവ പുനത്തിൽ കൃതികളെ കൂടുതൽ വായാനാപ്രിയമാക്കി . കോഴിക്കോടൻ സൗഹൃദം സ്വതസിദ്ധമായ എഴുത്തിൽ അദ്ദേഹത്തിന് കൂടുതൽ ഊർജമേകി . എഴുത്തിലും ജീവിതത്തിലും എം ടിയായിരുന്നു പുനത്തിലിന്റെ ഗുരു . ബാല്യകാലത്ത് എഴുതിയ കല്യാണരാത്രി എന്ന ആദ്യകഥ അച്ചടിച്ചുവരാൻ മാതൃഭൂമി ബാലപംക്തിയിലേക്ക് അയച്ചു , അക്കാലത്ത് എം ടിയായിരുന്നു ബാലപംക്തി കൈകാര്യം ചെയ്തിരുന്നത് . കുഞ്ഞു പുനത്തിലിനെ തന്നെ അത്ഭുതപ്പെടുത്തി ആദ്യ കഥ മാതൃഭൂമി ആഴ്ചപതിപ്പിൽ മുതിർന്നവരുടെ പംക്തിയിൽ അച്ചടിച്ചുവരുകയും ചെയ്തു .

സ്മാര ശിലകൾക്കു ശേഷം പുനത്തിലിന്റെ ശ്രദ്ധേയമായ രചനയാണ് കലിഫ , മരുന്ന് എന്നിവ . ഇതിൽ മരുന്നിന് 1988-ലെ വിശ്വദീപം പുരസ്കാരവും സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരവും ലഭിച്ചു . മലമുകളിലെ അബ്ദുള്ള , കത്തി എന്നിവയ്ക്ക് പുറമേ അജ്ഞൻ , ആകാശത്തിന്റെ മറുപുറം , തിരഞ്ഞെടുത്ത കഥകൾ , മരിച്ചുപോയ എന്റെ അപ്പനമ്മമാർക്ക് , കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ , കൃഷ്ണന്റെ രാധ , അകമ്പടിക്കാരില്ലാതെ എന്നിവയാണ് പുനത്തിൽ തൂലികയിൽ പിറന്ന ചെറുകഥകൾ . കമ്മ്യൂണസത്തിന് ശേഷമുള്ള റഷ്യയിലൂടെയുള്ള യാത്രയുടെ വിവരങ്ങൾ ഇതിവൃത്തമാക്കി എഴുതിയ വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന് 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു . ആഖ്യാനശൈലി കൊണ്ട് വ്യത്യസ്തമായ സൂര്യൻ , ദുഃഖിതർക്കൊരു പൂമരം , കന്യാവനങ്ങൾ എന്നീ നോവലുകൾ വായനക്കാരെ ഇരുത്തി വായിപ്പിച്ചു . സതി , തെറ്റുകൾ , നരബലി , കാലാൾപ്പടുയുടെ വരവ് , കാമപ്പൂക്കൾ , പാപിയുടെ കഷായം , നടപ്പാതകൾ , മേഘക്കുടകൾ , ക്യാമറക്കണ്ണുകൾ , ഹനുമാൻ സേവ , കണ്ണാടി വീടുകൾ , കാണികളുടെ പാവകളി , സംഘം , ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ തുടങ്ങി നൂറോളം കഥകളും ചെറുകഥകളും നോവലുകളും പുനത്തിലിൻ്റേതായി മലയാള സാഹിത്യലോകത്തിനു ലഭിച്ചു . സൗഹൃദ സംഭാഷണത്തിന്റെ ശൈലിയിലുള്ള മുയലുകളുടെ നിലവിളി , ജീവിത യാഥാർഥ്യങ്ങൾ ആസ്പദമാക്കി ആശുപത്രി കേന്ദ്രകഥാപാത്രമായി ചിത്രീകരിച്ച അഗ്നിക്കിനാവുകൾ , സ്ത്രീകളുടെയും പുരുഷൻമാരുടെയും കഥകളും കഥയില്ലായ്മയും തുറന്നുകാട്ടിയ കുറേ സ്ത്രീകൾ , പരലോകം , ജൂതൻമാരുടെ ശ്മശാനം എന്നിവയാണ് എഴുത്തിന്റെ അവസാന കാലത്ത് പുനത്തിൽ സാഹിത്യ ലോകത്തിന് സമ്മാനിച്ചത് . 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥി ആയി മത്സരിച്ചിരുന്നു . 2017 ഒക്ടോബർ 27 ന് അന്തരിച്ചു.

Share This Article
Leave a comment