ശത കോടീശ്വരൻമാരായ മലയാളികളിൽ ഒന്നാമൻ എം എ യൂസഫലി തന്നെ . ഫോബ്‌സ് മാസികയുടെ അധിസമ്പന്ന പട്ടികയിൽ ഇത്തവണ ഒരു വനിത ഉൾപ്പടെ 12 മലയാളികൾ സ്ഥാനം പിടിച്ചിട്ടുണ്ട് . ഗൾഫിൽ വ്യവസായം നടത്തുന്ന മലയാളികൾ തന്നെയാണ് ഇത്തവണയും മുന്നിൽ .
എം എ യൂസഫലിയ്ക്ക് നിലവിൽ 7.6 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ളതായി ഫോബ്സ് പട്ടിക പറയുന്നു . ജോയ് അലൂക്കാസ് 4.4 ബില്യൺ ഡോളർ , ഡോ. ഷംഷീർ വയലിൽ 3.5 ബില്യൺ ഡോളർ , സണ്ണി വർക്കി 3.3 ബില്യൺ ഡോളർ എന്നിവരാണ് മലയാളികളിലെ മുമ്പൻമാർ . സാറ ജോർജ് മുത്തൂറ്റ് ആണ് പട്ടികയിലെ ഏക മലയാളി വനിത . ഇവർക്ക് 1.3 ബില്യൺ ഡോളർ ആണത്രേ നിലവിലെ ആസ്തി .
ബർണാഡ് അർനൾട്ട് (ലൂയിസ് വിറ്റൺ) 233 ബില്യൺ ഡോളറോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട് . 195 ബില്യൺ ഡോളറോടെ ഇലോൺ മസ്ക് , 194 ബില്യൺ ഡോളറോടെ ജെഫ് ബെസോസ് എന്നിവരും മുന്നിലുണ്ട് . ഒമ്പതാം സ്ഥാനത്ത് 116 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനിയുണ്ട് . ഗൗതം അദാനിയാണ് രാജ്യത്തെ അതി സമ്പന്നൻമാരുടെ പട്ടികയിൽ രണ്ടാമത്തെ പണക്കാരൻ .