കോണ്‍ഗ്രസിന് മത്സരിക്കാന്‍ പണമില്ലെങ്കിലും ജനങ്ങള്‍ പണം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ 50 രൂപയും 100 രൂപയും കൊണ്ട് തെരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ട് ഞങ്ങളെ തോല്‍പിക്കാനാവില്ല എന്നും സതീശന്‍ പറഞ്ഞു. കേരളത്തിൽ കോണ്‍ഗ്രസിന്റെ 20 സ്ഥാനാര്‍ഥികളും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുമെന്നതിന്റെ തെളിവാണ് ഇ.ഡി അന്വേഷണവും ആദായനികുതി റെയ്ഡുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോവാതിരിക്കാനല്ല, മറിച്ച് ബിജെപി സര്‍ക്കാറിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോല്‍പിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.