ഓർമയിലെ ഇന്ന്, മാർച്ച് 30 – ഇ വി കൃഷ്ണപിള്ള

At Malayalam
3 Min Read

ബഹുമുഖ പ്രതിഭയായിരുന്ന ഇ വി കൃഷ്ണപിള്ളയുടെ 86-ാം ചരമവാർഷികമാണിന്ന്.

മലയാളത്തില്‍ ഹാസ്യ സാഹിത്യ ശാഖയ്ക്ക് സ്വന്തമായ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത
ഹാസ്യ – ബാല സാഹിത്യകാരൻ , പത്രാധിപർ , നോവലിസ്റ്റ് , ചെറുകഥാകൃത്ത് , നാടകകൃത്ത് , നടൻ , അഭിഭാഷകൻ
എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ വ്യക്തിത്വമായിരുന്നു ഇ വി കൃഷ്ണപിള്ള . ശക്തമായ സാമൂഹിക-രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കലര്‍ന്നതായിരുന്നു ഇ വി കൃഷ്ണപിള്ളയുടെ കൃതികള്‍. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപരായിരുന്നു . കൂടാതെ മലയാളി , കഥാകൗമുദി , സേവിനി എന്നീ മാസികകളുടെയും പത്രാധിപരുമായിരുന്നു.

കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ ഫലിത സാഹിത്യകാരനെന്നാണ് സാഹിത്യലോകം വിശേഷിപ്പിക്കുന്നത് . കൃഷ്ണപിള്ളയുടെ ശ്രദ്ധേയമായ ഹാസ്യസാഹിത്യ കൃതിയാണ് കവിതക്കേസ് . ഫലിതപൂര്‍ണ രംഗങ്ങള്‍ സൃഷ്ടിച്ച് അനുവാചകനെ ചിന്തിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഇ വി കൃതികള്‍ കൾക്ക് എക്കാലവും വായനക്കാരുണ്ട് . ചെറുപ്പത്തില്‍ തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഇ വി , ത്രിലോക സഞ്ചാരി , നേത്രരോഗി എന്നീ തൂലികാനാമങ്ങളില്‍ ആനുകാലികങ്ങളില്‍ എഴുതിയിരുന്നു . സി വി രാമന്‍ പിള്ളയുമായുണ്ടായിരുന്ന സൗഹൃദമാണ് ഇ വിയുടെ സാഹിത്യവാസന വളര്‍ത്തിയത്.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിനു കിഴക്ക് ഇഞ്ചക്കാട്ട് വീട്ടിൽ 1894 സെപ്റ്റംബർ‍ 16 ന്‌ കൃഷ്ണപിള്ള ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പുപിള്ള . അമ്മ ഇഞ്ചക്കാട്ട് പുത്തൻ‍വീട്ടിൽ കല്യാണിയമ്മ . പപ്പുപിള്ള കുടുംബ സമേതം പെരിങ്ങനാട്ട് ചിലങ്ങിരഴികത്ത് വീട്ടിലേക്ക് താമസം മാറി .
പെരിങ്ങനാട്‌ , വടക്കടത്തുകാവ്‌ , തുമ്പമൺ , ആലപ്പുഴ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി എം എസ്‌ കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്‌ , തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി എ . തുടർന്ന് ഗവൺമന്റ്‌ സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു.

- Advertisement -

1919 മേയ്‌ 25 ന്‌ സി വി രാമൻപിള്ളയുടെ ഇളയ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു . 1921-ൽ അസി: തഹസീൽദാരായി നിയമിതനായി . 1922-ൽ സർവ്വീസിൽ നിന്ന് അവധിയെടുത്ത്‌ നിയമപഠനം ആരംഭിച്ചു . 1923-ൽ ബി എൽ ജയിച്ച്‌ തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രാക്ടീസ് തുടങ്ങി . 1924-ൽ കൊല്ലത്തേക്കു മാറി . കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു . 1927-ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ്‌ സമ്മേളനത്തിൽ പങ്കെടുത്തു . അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു .1931-ൽ കൊട്ടാരക്കര – കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവതാംകൂർ നിയമ നിർമ്മാണ കൗൺസിലിലേക്കും 1932-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീമൂലം അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933-ൽ ഹൈക്കോടതിയിൽ പ്രവൃത്തി ആരംഭിച്ചു.
പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി (കെ. ഭാസ്കരൻ നായർ) , ചന്ദ്രാജി (കെ. രാമചന്ദ്രൻ നായർ) , മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപർ കെ പത്മനാഭൻ നായർ , കെ കൃഷ്ണൻ നായർ , കെ ശങ്കരൻ നായർ , ഓമനക്കുട്ടിഅമ്മ , രാജലക്ഷ്മിഅമ്മ എന്നിവരാണ്‌ മക്കൾ. 1938 മാർച്ച്‌ 30 ന് അന്തരിച്ചു.

കൃതികൾ : ബാഷ്പവർഷം , ആരുടെ കൈ , തോരാത്ത കണ്ണുനീർ എന്നീ നോവലുകൾ

കേളീസൗധം (4 ഭാഗങ്ങൾ) , മലയാളം എന്നീ ചെറുകഥകൾ . ആത്മകഥ – ജീവിത സ്മരണകൾ.

നാടകം , സാഹിത്യപ്രബന്ധങ്ങൾ : സീതാലക്ഷ്മി , രാജാ കേശവദാസൻ , കുറുപ്പിന്റെ ഡെയ്‌ലി , വിവാഹക്കമ്മട്ടം ഇരവിക്കുട്ടിപിള്ള , രാമരാജാഭിഷേകം , ബി എ മായാവി , പെണ്ണരശുനാട്‌ , പ്രണയക്കമ്മീഷൻ , കള്ളപ്രമാണം , തിലോത്തമ , വിസ്മൃതി ,
മായാമനുഷ്യൻ.

ഹാസ്യകൃതികൾ : എം എൽ സി കഥകൾ , അണ്ടിക്കോയ ,
പോലീസ്‌ രാമായണം , ഇ വി കഥകൾ , ചിരിയും ചിന്തയും (2 ഭാഗങ്ങൾ) , രസികൻ , തൂലികാചിത്രങ്ങൾ.

ബാലസാഹിത്യകൃതികൾ : ഗുരുസമക്ഷം , ഭാസ്കരൻ , ബാലലീല , ഗുണപാഠങ്ങൾ , ശുഭചര്യ , സുഖജീവിതം.

Share This Article
Leave a comment