ജീവിച്ചിരുന്നെങ്കിൽ പ്രിയപ്പെട്ട ജോൺസൺ മാസ്റ്റർക്ക് ഇന്ന് 71 വയസ് പൂർത്തിയാകുമായിരുന്നു. തട്ടിൽ ആന്റണി ജോൺസൺ എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട ജോൺസൺ മാസ്റ്ററാണ്.
നന്ദസുതാവര….കുറു നിരയോ…..നീ നിറയൂ ജീവനിൽ പുളകമായ്… മുത്തും മുടിപ്പൊന്നും….മഞ്ഞിൽ ചേക്കേറും…സുഖം ഒരു ഗ്രീഷ്മമിറങ്ങിയ… മനസ്സിന്റെ മോഹം..നവവർഷത്തിൻ രജനി…സ്വർണ്ണമുകിലേ…ഏതോ ജന്മ കല്പനയിൽ…..പൂകൊണ്ട് പൂ മൂടി…കൂവരം കിളികൂട്…ഗോപികെ നിൻ വിരൽ….എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ..കണ്ണുകളിൽ പൂവിരിയും…ഏതോ സ്വപ്നം പോലെ…..പണ്ടൊരു കാട്ടിലൊരാൺ സിംഹം…മഴവില്ലിൻ മലർ തേടി… രാഗിണി രാഗരൂപിണി…കരിമിഴി കുരുവികൾ…മോഹം കൊണ്ടു ഞാൻ… അന്തിപ്പൂമാനം…. അനുരാഗിണി….ആകാശമാകെ….ആടിവാകാറ്റേ….ആദ്യമായി കണ്ട നാൾ… എത്രനേരമായി ഞാൻ…രാജഹംസമേ….എന്തേ കണ്ണനു കറുപ്പു നിറം…ഒന്നു തൊടാനുള്ളിൽ… മെല്ലെ മെല്ലെ…. പൂവേണം പൂപ്പട വേണം…. ശ്യാമാംബരം ….സ്വപ്നം വെറുമൊരു സ്വപ്നം….. ഇങ്ങനെ മലയാളി ,തൻ്റെ സന്തോഷത്തിലും ദുഃഖത്തിലും പ്രണയത്തിലും വിരഹത്തിലും നെഞ്ചകത്തു വച്ച് ഓമനിച്ച എത്രയെത്ര ഗീതികൾ .
ഇരുത്തം വന്ന സംഗീത സംവിധായകൻ ജി.ദേവരാജൻ മാസ്റ്റർ ഒരു ചെറു പയ്യനെ തൻ്റെ ശിഷ്യത്വം നൽകി സ്വീകരിക്കണമെങ്കിൽ, ദേവരാജൻ മാസ്റ്ററെ അറിയാവുന്നവരൊക്കെ ആ പയ്യനെയും അംഗീകരിക്കും. ജോൺസനെ ദേവരാജൻ മാസ്റ്റർക്കു പരിചയപ്പെടുത്തിക്കൊടുത്തതാകട്ടെ മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രനും. ദേവരാജനു ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ ഒരുക്കിയത് ജോൺസൺ മാസ്റ്ററാണെന്നത് ചരിത്രത്തിൻ്റെ ഒരു നിയോഗം കൂടിയാവാം.
തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി – മേരി ദമ്പതികളുടെ മകനായി 1953 മാർച്ച് 26 ന് ജോൺസൺ ജനിച്ചു. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം, ചെറുപ്പത്തിൽ തന്നെ ഗിത്താർ, ഹാർമോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുമായിരുന്നു. തുടർന്ന് 1968ൽ ജോൺസണും കുറച്ച് കൂട്ടുകാരും ചേർന്ന് വോയ്സ് ഓഫ് ട്രിച്ചൂർ എന്ന പേരിൽ ഒരു സംഗീത ട്രൂപ്പുണ്ടാക്കി. ഇതിൽ ഒട്ടുമിക്ക സംഗീത ഉപകരണങ്ങളും വായിക്കുന്നതോടൊപ്പം മ്യൂസിക് കണ്ടക്ടറുമായിരുന്നു ജോൺസൺ.
ദേവരാജൻ മാഷിനടുത്തെത്തിയ ശേഷം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ജോൺസനെ, ദേവരാജൻ മാസ്റ്റർ സംഗീതം പഠിക്കാനയച്ചു. മാസ്റ്റർക്കൊപ്പം നൂറു കണക്കിനു സിനിമകളിലെ ഒട്ടനവധി ഗാനങ്ങൾക്ക് സഹായിയായി. മാസ്റ്ററുടെ പ്രധാന ശിഷ്യനും പ്രിയപ്പെട്ടവനുമായി മാറി ജോൺസൺ. ‘ആരവം’ എന്ന ഭരതൻ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീത ചുമതല അക്കാലത്ത് ജോൺസൺ ഏറ്റെടുക്കുന്നു. ഇതായിരുന്നു സ്വതന്ത്രമായുള്ള ജോൺസൻ്റെ ആദ്യ സിനിമാസംരംഭം. പിന്നാലെ ‘ഇണയെത്തേടി’ എന്ന ചിത്രത്തിനായി ജയചന്ദ്രൻ പാടിയ വിപിന വാടികേ…… എന്ന ഗാനത്തിന് സംഗീതം നൽകിയതിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മാറുകയും ചെയ്തു.
ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നാലെ എത്തിയ ജയിൽ, പാർവതി, പ്രേമഗീതങ്ങൾ എന്നീ സിനിമകൾക്കായി ഒരുക്കിയ പാട്ടുകൾ ജോൺസനെ മലയാളത്തിൻ്റെ ഇഷ്ട സംഗീത സംവിധായകനാക്കി. പിന്നെ ഹൃദയ ഗീതികളുടെ ഒരു കുത്തൊഴുക്കായിരുന്നു മലയാളത്തിൽ. പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ്, ബാലചന്ദ്രമേനോൻ തുടങ്ങിയ മുൻനിര സംവിധായകർക്ക് ജോൺസൺ മാഷില്ലാതെ പറ്റാതായി. സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങളിലെ ഗ്രാമീണ പശ്ചാത്തലത്തിന് ജോൺസൺ മാഷ് ഒരുക്കി നൽകിയ പശ്ചാത്തല സംഗീതം ഒരു മുതൽ കൂട്ട് തന്നെയായിരുന്നു.
കൂടെവിടെ എന്ന ചിത്രം മുതൽ പത്മരാജനൊപ്പം കൂടിയ ജോൺസൺ അദ്ദേഹത്തിൻ്റെ 17 ചിത്രങ്ങൾക്ക് പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കി നൽകി. തൂവാനത്തുമ്പികൾ, വന്ദനം, ചിത്രം, മണിച്ചിത്രത്താഴ്, താഴ്‌വാരം തുടങ്ങിയ ചിത്രങ്ങളിൽ ജോൺസൺ മാസ്റ്റർ തുന്നി ചേർത്ത പശ്ചാത്തല സംഗീതമില്ലെങ്കിൽ ആ സിനിമകൾക്ക് ഇത്ര മിഴിവും ചാരുതയുമുണ്ടാകില്ലായിരുന്നു. ഈ ചിത്രങ്ങളിലെ ബി ജി എം പുതുതലമുറയുടെ മൊബയിൽ റിംഗ് ടോൺ ആണെന്നു കൂടി ഓർക്കണം.മലയാളത്തിൽ മാത്രം മുന്നൂറിൽ അധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.പശ്ചാത്തല സംഗീത സംവിധാനത്തിന് രണ്ടു പ്രാവശ്യം ദേശീയ അവാർഡ് നേടിയ ഒരേ ഒരു മലയാളി കൂടിയാണ് ജോൺസൺ മാസ്റ്റർ. സംസ്ഥാന സർക്കാർ നൽകുന്ന മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്നു തവണയും പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം രണ്ടു തവണയും മാഷെ തേടിയെത്തി.
ഈണത്തിൻ്റെ വശ്യതയാൽ മനോഹരങ്ങളായ ഗാനങ്ങൾക്ക് എത്രയോ പുരസ്കാരങ്ങൾ അദ്ദേഹം അർഹിച്ചിരുന്നു എന്ന് മലയാളികൾക്ക് നന്നായറിയാം.2006 ൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലെ എന്തേ കണ്ണനു കറുപ്പു നിറം…. എന്ന ഗാനം ഒരിടവേളയ്ക്കു ശേഷം മാസ്റ്റർ ഈണമിട്ട പാട്ടായിരുന്നു. ഗുൽമോഹർ, നാടകമേ ഉലകം എന്നീ ചിത്രങ്ങൾക്കു കൂടി അദ്ദേഹം സംഗീതം ഒരുക്കിയിരുന്നു. 2011 ഓഗസ്റ്റ് 18 ന് അദ്ദേഹം അകാലത്തിൽ മരണത്തിനു കീഴടങ്ങി. റാണിയാണ് ഭാര്യ. ഷാൻ, റെൻ എന്നിവർ മക്കൾ.
സോഫ്റ്റ്‌വേർ എഞ്ജിനിയറായിരുന്ന റെൻ ജോൺസൺ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തിൽ മരിച്ചു. മകളും ഗായികയുമായിരുന്ന ഷാൻ 2016 ഫെബ്രുവരി 5-ന് ഹൃദയാഘാതത്തെ തുടർന്നും മരിച്ചു.പ്രതിഭാസമ്പന്നനായിരുന്ന ജോൺസൺ മാസ്റ്റർ സമ്മാനിച്ച മലയാളത്തനിമയുള്ള ഈണങ്ങൾ ഒരു കാലഘട്ടത്തിൻ്റെ സ്മരണകളുടെ കൂടി പശ്ചാത്തല സംഗീതമാണ്. ആ സംഗീതം മലയാളി മനസുകളിൽ ഒരു ഹൃദയരാഗമായി എന്നുമുണ്ടാകും.