ഓർമയിലെ ഇന്ന്, മാർച്ച് 24 – ഷീല

At Malayalam
3 Min Read

മലയാളത്തിന്റെ എവർഗ്രീൻ ഹീറോയിൻ ഷീലയ്ക്ക് 82-ാം പിറന്നാൾ

മലയാള സിനിമയിൽ ഒരു കാലഘട്ടത്തിൽ പകരം വയ്ക്കാനില്ലാത്ത നടികളിൽ ഒരാളായ… നായകന്മാര്‍ അരങ്ങുവാണ കാലത്ത് ശക്തമായ സ്ത്രീ സാന്നിധ്യമായി മാറിയ ഷീല സെലിൻ എന്ന ഷീല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു ഭാഷകളിലായി 475 ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടു. 1942 മാര്‍ച്ച് 24ന് തൃശൂര്‍ കണിമംഗലം സ്വദേശി ആന്റണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളായി ജനനം. പിതാവ് റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളര്‍ന്നതും.

1962 -ല്‍ എം.ജി.ആര്‍ നായകനായ തമിഴ് ചിത്രം പാശത്തിലൂടെ സിനിമയിലെത്തിയ ഷീലയുടെ പേര് എം ജി ആര്‍ മാറ്റി സരസ്വതി ദേവി എന്നാക്കി. ഇതിനിടെ പാശത്തിന്റെ സെറ്റില്‍വച്ച് ഷീലയെ കണ്ട പി ഭാസ്‌കരന്‍ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിലേക്ക് നായികയായി ക്ഷണിച്ചു. അങ്ങനെ സരസ്വതി ദേവി വീണ്ടും ഷീലയായി മാറി. പാശം റിലീസ് ചെയ്യുന്നതിനു മുമ്പ് പ്രദർശനത്തിനെത്തിയ ഭാഗ്യജാതകം സിനിമ ഷീലയുടെ ഭാഗ്യജാതകമായി തന്നെ മാറി. തുടർന്ന് ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, അടിമകള്‍, യക്ഷഗാനം, ഈറ്റ, ഒരുപെണ്ണിന്റെ കഥ, അശ്വമേധം, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ് വേമായം, പഞ്ചവന്‍ കാട്, കാപാലിക, യക്ഷിപ്പാറു, കടത്തനാട്ട് മാക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേം നസീര്‍, സത്യന്‍, കമലഹാസന്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ ഒട്ടേറെ മുന്‍നിര നായകന്മാര്‍ക്കൊപ്പം നായികയായി. ഒരു നായകന്റെ കൂടെ നൂറ്റിയമ്പതിലധികം സിനിമകളില്‍ നായികയായി അഭിനയിച്ചതിന്റെ ലോക റെക്കോഡും സ്വന്തമാക്കിയ ഷീല ,പ്രേം നസീറിനൊപ്പം അഭിനയിച്ചാണ് ഈ അംഗീകാരം സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ആ റെക്കോർഡ് തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ആ കാലത്ത് നായകന്മാരേക്കാള്‍ പ്രതിഫലം പറ്റുന്ന നടിയായിരുന്നു അവർ. മലയാളത്തിൽ പ്രേംനസീർ, സത്യൻ, മധു, ജയൻ തുടങ്ങിയവരുടെ നായികയായി തിളങ്ങിയ ഷീല തമിഴിൽ കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരോടൊപ്പവും അഭിനയിച്ചു. നായികയായി തിളങ്ങിയ സമയത്ത് യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ രണ്ടു ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംഭാഷണവും ഷീല തന്നെ എഴുതി. പിന്നീട് നിരവധി ടെലിഫിലിമുകളും സീരിയലുകളും സംവിധാനം ചെയ്തു. പത്താമത്തെ ചെക്ക് എന്ന നോവലും കുയിലിന്റെ കൂടെന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. നടൻ രവിചന്ദ്രനായിരുന്നു അദ്യ ഭർത്താവ്. പിന്നീട് ബാബു സേവ്യറിനെ വിവാഹം ചെയ്തു. ‘ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ’ എന്ന സിനിമയിൽ നായകനായ വിഷ്ണു മകനാണ്. 1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിനയ രംഗത്തുനിന്ന്‌ വിടവാങ്ങി. ചെന്നൈയിലും ഊട്ടിയിലുമായി താമസിച്ചിരുന്ന ഷീല പേരക്കുട്ടിയുടെ ജനനത്തിനുശേഷമാണ്‌ വീണ്ടും സിനിമയിലേക്ക്‌ മടങ്ങിയത്.

2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ്‌ നടത്തി. ഇസ്മായിൽ ഹസൻ ‍ സംവിധാനം ചെയ്ത വിരൽത്തുമ്പിലാരോ എന്ന ചിത്രത്തിലാണ് രണ്ടാം വരവിൽ ആദ്യം അഭിനയിച്ചതെങ്കിലും ആദ്യം പുറത്തിറങ്ങിയത്‌ മനസ്സിനക്കരെ ആണ്‌. അതിലെ കൊമ്പനക്കാട്ട്‌ കൊച്ചുത്രേസ്യ എന്ന കഥാപാത്രം ഷീലയുടെ തിരിച്ചുവരവ്‌ ഉജ്ജ്വലമാക്കി. തുടർന്ന്‌ അകലെ, പൊന്മുടി പുഴയോരത്ത്, സ്നേഹവീട്, പതാക, തസ്‌കരവീരന്‍, കൊട്ടാരത്തില്‍ കുട്ടിഭൂതം, മിസ്റ്റര്‍ മരുമകന്‍, ഉത്സാഹകമ്മിറ്റി തുടങ്ങിയ സിനിമകളിലൂടെ വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഷീല പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറകളുടെയും ഹരമായി മാറി. 1969, 1971, 1976 വർഷങ്ങളിൽ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും, 2019ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരവും അകലെയിലെ മാർഗരറ്റ്‌ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയതിന് മികച്ച സഹനടിക്കുള്ള 2004 ലെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

- Advertisement -

Share This Article
Leave a comment