ചെയ്ത നാല് സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധയും ബോക്സ് ഓഫീസ് വിജയവും നേടിയ സംവിധായകനാണ് ഖാലിദ് റഹ്‍മാന്‍. അടുത്തിടെ വന്‍ വിജയം നേടിയ മഞ്ഞുമ്മല്‍ ബോയ്സിലെ പ്രസാദ് എന്ന ഡ്രൈവര്‍ കഥാപാത്രത്തെ അവതരിപ്പിച്ച് നടന്‍ എന്ന നിലയിലും ഖാലിദ് കൈയടി നേടി. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നസ്‍ലെനും ലുക്മാനും കല്യാണി പ്രിയദര്‍ശനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറ്റൊരു ശ്രദ്ധേയ ചിത്രവും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ വരാനിരിക്കുന്നുണ്ട്. പൃഥ്വിരാജ് ആണ് അതിലെ നായകന്‍.
ആടുജീവിതം പ്രൊമോഷണല്‍ അഭിമുഖത്തിനിടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് ആദ്യമായി നായകനാവുന്ന ചിത്രമായിരിക്കും ഇത്. അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന സമയത്തേ താന്‍ ഖാലിദ് റഹ്‍മാനെ ശ്രദ്ധിച്ചിരുന്ന കാര്യവും അഭിമുഖത്തില്‍ പൃഥ്വി പറയുന്നുണ്ട്. പൃഥ്വിരാജ് നായകനായ സപ്തമശ്രീ തസ്‍കരാ: എന്ന ചിത്രത്തിന്‍റെ അസോസിയേറ്റ് ആയിരുന്നു ഖാലിദ് റഹ്‍മാന്‍. പൃഥ്വിരാജ് കൂടി പങ്കാളിയായ ബാനര്‍ ഓഗസ്റ്റ് സിനിമയാണ് സപ്തമശ്രീ നിര്‍മ്മിച്ചത്. ഖാലിദ് റഹ്‍മാന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം നമുക്ക് നിര്‍മ്മിക്കാമെന്ന് സഹനിര്‍മ്മാതാക്കളോട് താന്‍ പറഞ്ഞിരുന്നതായും പൃഥ്വി ഓര്‍ക്കുന്നു. അതുപോലെതന്നെ ഖാലിദിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന അനുരാഗ കരിക്കിന്‍വെള്ളം നിര്‍മ്മിച്ചത് ഓഗസ്റ്റ് സിനിമ ആയിരുന്നു.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്തിരിക്കുന്ന ആടുജീവിതത്തിന്‍റെ റിലീസ് മാര്‍ച്ച് 28 ന് ആണ്. ബെന്യാമിന്‍റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മറുഭാഷാ സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമായിരിക്കും ആടുജീവിതത്തിലെ നജീബ്. മലയാളത്തിന് പുറമെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും തിയറ്ററുകളിലെത്തും.