തിരുവനന്തപുരത്തെത്തിയ സൂപ്പർ താരം വിജയിന് വൻവരവേല്‍പ്പാണ് ആരാധകർ നൽകിയത്. ചെന്നൈയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്. ഉച്ചയ്ക്ക് മുൻപേ തന്നെ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനൽ വിജയ്യെ കാത്ത് ആരാധകരാൽ നിറഞ്ഞുകവിഞ്ഞു. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് കേരളത്തിലെത്തുന്നത്. കാവലന്റെ ചിത്രീകരണത്തിനായാണ് വിജയ് അവസാനം കേരളത്തിൽ വന്നിരുന്നത്.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ന്റെ ക്ലൈമാക്‌സ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇതിനായാണ് വിജയ് തലസ്ഥാനത്തെത്തിയത്. മാര്‍ച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. സംവിധായകന്‍ വെങ്കട്ട് പ്രഭു രണ്ടാഴ്ച മുൻപേ തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് ഗോട്ടിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ക്ലൈമാക്സ് സാവും തിരുവനന്തപുരത്ത് ചിത്രീകരിക്കുക.