വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ആര്‍സിബിയുടെ മുത്തം. തുടര്‍ച്ചയായി രണ്ടാം വട്ടവും ഫൈനലിലെത്തിയിട്ടും ഡല്‍ഹി ക്യാപിറ്റല്‍സ് ഇനിയും കാത്തിരിക്കണം.ഐപിഎല്ലില്‍ ഇത്ര കാലമായിട്ടും കിരീടം നേടാന്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിനു സാധിച്ചിട്ടില്ല. എന്നാല്‍ അവര്‍ വനിതകളിലൂടെ ആ നേട്ടം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ പോരാട്ടം 18.3 ഓവറില്‍ 113 റണ്‍സില്‍ തീര്‍ത്താക്കാന്‍ ആര്‍സിബിക്കായി. വിജയം തേടിയിറങ്ങിയ അവര്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 115 റണ്‍സ് സ്വന്തമാക്കിയാണ് ലക്ഷ്യം കണ്ടത്.അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി കരുതലോടെ മുന്നേറി. ക്യാപ്റ്റന്‍ സ്മൃതി മന്ധാന (31), സോഫി ഡിവൈന്‍ (32) എന്നിവര്‍ മികച്ച തുടക്കമിട്ട ശേഷമാണ് പിരിഞ്ഞത്.പിന്നീടെത്തിയ എല്ലിസ് പെറി (35), റിച്ച ഘോഷ് (17) എന്നിവര്‍ പുറത്താകാതെ നിന്നു ടീമിനെ വിജയത്തിലേക്കും കിരീട നേട്ടത്തിലേക്കും നയിച്ചു.ഡല്‍ഹിക്കായി ശിഖ പാണ്ഡെ, മലയാളി താരം മിന്നു മണി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
നേരത്തെ മികച്ച തുടക്കം ലഭിച്ച ശേഷം ഡല്‍ഹി അവിശ്വസനീയമാം വിധം തകര്‍ന്നു. ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെന്ന കരുത്തുറ്റ നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ എട്ടാം ഓവര്‍ എറിഞ്ഞ സോഫി മൊലിന്യുക്‌സിന്റെ ഒറ്റ ഓവര്‍ കളിയുടെ ഗതി തന്നെ മാറ്റി. ആദ്യ പന്തില്‍ ഷെഫാലി വര്‍മ, മൂന്നാം പന്തില്‍ ജെമിമ റോഡ്രിഗസ്, നാലാം പന്തില്‍ അലിസ് കാപ്‌സി എന്നിവരെ തുടരെ മടക്കി മൊലിന്യുക്‌സ് ഡല്‍ഹിയെ ഞെട്ടിച്ചു.
27 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 44 റണ്‍സെടുത്ത ഷെഫാലി വര്‍മ മിന്നും തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങും മികച്ച പിന്തുണ നല്‍കി. താരം 23 പന്തില്‍ 23 റണ്‍സെടുത്തു. ഷെഫാലി എട്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പുറത്തായതിനു പിന്നാലെ ഡല്‍ഹി താരങ്ങളുടെ ഷോഷ യാത്രയായിരുന്നു. 12 റണ്‍സെടുത്ത രാധ യാദവ്, അരുന്ധതി റെഡ്ഡി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേര്‍.ശ്രേയങ്ക പാട്ടീല്‍, മലയാളി താരം ആശ ശോഭന എന്നിവരും മികവോടെ പന്തെറിഞ്ഞതോടെ ഡല്‍ഹി അടപടലം തകര്‍ന്നു വീണു. ശ്രേയങ്ക നാല് വിക്കറ്റുകളും മൊലിന്യുക്‌സ് മൂന്ന് വിക്കറ്റുകളും ആശ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.