ഏഷ്യൻ ഗെയിംസ് മെഡൽജേത്രിയും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് വ്യാഴാഴ്ച ബിജെപിയിൽ ചേരും. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയിൽ ചേരുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസിന് കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.പത്മിനിക്ക് പുറമേ മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തെ കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളുമാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്നാണ് വിവരം.