പോള്‍ മുത്തൂറ്റ് വധക്കേസില്‍ പ്രതിയായ കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി. മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചെന്ന കുറ്റം കോടതി ഒഴിവാക്കി. കേസിലെ രണ്ടാം പ്രതിയാണ് കാരി സതീഷ്.
2009 ഓഗസ്റ്റ് 22ന് രാത്രിയാണ് പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടത്. ആലപ്പുഴ പള്ളാത്തുരുത്തി പെരുന്ന റോഡില്‍ വച്ച് മറ്റാരെയോ കൊലപ്പെടുത്താനെത്തിയ സംഘം പോള്‍ മുത്തൂറ്റിനെ ആക്രമിക്കുകയായിരുന്നു. പോള്‍ മുത്തൂറ്റിന്റെ മരണത്തിന് കാരണമായ കുത്തേറ്റത് കാരി സതീഷ് എന്നറിയപ്പെടുന്ന സതീഷില്‍ നിന്നാണെന്ന് പിന്നീട് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 302 പ്രകാരമുള്ള ശിക്ഷ കോടതി ഇന്ന് ശരിവച്ചിരിക്കുന്നത്.ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് ജോണ്‍ ജോണുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജീവപര്യന്തം ശിക്ഷ ശരിവച്ചിരിക്കുന്നത്. കാരി സതീഷിന്റെ അപ്പീല്‍ തീര്‍പ്പാക്കിക്കൊണ്ടായിരുന്നു ഉത്തരവ്.